താനും ആസിഫ് അലിയും 2018 ഉള്‍പ്പെടെ നാല് ചിത്രങ്ങളില്‍ ഒരുമിച്ചിട്ടുണ്ടെന്ന് ടൊവിനോ തോമസ്. എന്നാല്‍ നാല് ചിത്രങ്ങളിലും തങ്ങള്‍ ഒരുമിച്ച് ഇതുവരെ ഫ്രെയ്മില്‍ വന്നിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ 2018 സിനിമയെ പറ്റി സംസാരിക്കവേയാണ് ടൊവിനോ ആസിഫിനെ പറ്റി പറഞ്ഞത്.
‘ഈ സിനിമയിലെ ഓരോരുത്തരുടെയും സംഭാവനകള്‍ എടുത്തു പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ എല്ലാവരുടെയും പേര് പറയേണ്ടി വരും. ലാല്‍ സാര്‍, നരേയ്ന്‍ ചേട്ടന്‍ എല്ലാവരും. 2018ല്‍ നടന്നത് പുനര്‍നിര്‍മിക്കുകയായിരുന്നു ഞങ്ങള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ ആര്‍ടിസ്റ്റുകളും ടെക്‌നീഷ്യന്മാരുമെല്ലാം ഒന്നിച്ചു നിന്നു. ഇത് നമ്മുടെ സിനിമയാണെന്ന തോന്നലുണ്ടായി. അതേസമയം ഞങ്ങളെല്ലാം അവരവരുടേതായ സിനിമകളുമായി തിരക്കിലായിരുന്നു. എന്നാല്‍ ഈ സിനിമ വളരെ സ്‌പെഷ്യലാണ്. അതുകൊണ്ട് ഡേറ്റൊക്കെ മാനേജ് ചെയ്താണ് എത്തിയത്.
ഞാനും ആസിഫും ഒരുപാട് സിനിമകളില്‍ ഒരമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഫ്രെയ്മില്‍ ഒരുമിച്ച് വന്നിട്ടില്ല. എന്റേയും ആസിഫിന്റേയും ഒരു കോമ്പിനേഷന്‍ സീന്‍ പോലുമില്ല. ഉയരെ, വൈറസ്, യൂ ടൂ ബ്രൂട്ടസ് ഇതിലൊക്കെ ഞങ്ങള്‍ രണ്ട് പേരുമുണ്ട്. എന്നാല്‍ ഒരു ഫ്രെയ്മില്‍ പോലും ഒരുമിച്ച് വരുന്നില്ല,’ ടൊവിനോ പറഞ്ഞു.
2018 സിനിമയിലേക്ക് എത്തിയതിനെ പറ്റിയും ടൊവിനോ സംസാരിച്ചു. ‘നീ ഇല്ലെങ്കില്‍ ഞാന്‍ ഈ സിനിമ ചെയ്യില്ലെന്ന് ജൂഡ് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇമോഷണലി ബ്രോക്കണ്‍ ആയി(ചിരിക്കുന്നു). സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തുതന്നു, അത് വായിക്കാന്‍ തന്നു. സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ കരഞ്ഞു, ഒരു പ്രാവശ്യമല്ല, പല പ്രാവശ്യം. ഒരു കാരണവശാലും ഈ സിനിമ മിസ് ചെയ്യാന്‍ പാടില്ല എന്നുണ്ടായിരുന്നു,’ ടൊവിനോ പറഞ്ഞു.
മെയ് അഞ്ചിനാണ് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 2018 റിലീസ് ചെയ്തത്. മലയാളത്തിലെ ഇതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ചിത്രം പിന്നിലാക്കിയിരുന്നു. 22 ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ 150 കോടി പിന്നിട്ടു.
തിയേറ്റര്‍ കളക്ഷനിലൂടെ മാത്രം 150 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായി 2018. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന സിനിമ തീര്‍ത്ത 7 വര്‍ഷം മുമ്പത്തെ റെക്കോര്‍ഡാണ് 2018 തകര്‍ത്തത്
Content Highlight: tovino thomas about his four movies with asif ali