| Monday, 5th February 2024, 4:13 pm

'ആ സിനിമ കണ്ടപ്പോള്‍, ഇതാരെടാ മലയാളത്തില്‍ ബോളിവുഡിലെ പോലെ ഒരു കഥാപാത്രമെന്ന് ഞാന്‍ വിചാരിച്ചു': ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലെ ചെറിയ വേഷത്തില്‍ തുടങ്ങിയ ടൊവിനോ, 12 വര്‍ഷം കൊണ്ട് മലയാളത്തിലെ മികച്ച യുവനടന്മാരില്‍ ഒരാളായി മാറി. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ കഥാപാത്രമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ടൊവിനോയെ ശ്രദ്ധേയനാക്കിയത്. 2021ല്‍ മിന്നല്‍ മുരളി എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടി. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ആണ് ടൊവിനോയുടെ പുതിയ സിനിമ.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ കൂടെ അഭഭിനയ്ച്ച നിഷാന്ത് സാഗറിനെക്കുറിച്ചുള്ള അനുഭവം താരം പങ്കുവെച്ചു. ‘നിഷാന്തുമായി ഞാന്‍ ആദ്യം വര്‍ക്ക് ചെയ്യുന്നത് ഒന്നാം ലോക മഹായുദ്ധം എന്ന സിനിമയിലാണ്. അതിനു മുന്നേ നിഷാന്തിനെ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആദ്യമായിട്ട് കാണുന്നത് ജോക്കര്‍ എന്ന സിനിമയിലാണ്. അത് കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു, ഇതാരെടാ മലയാളത്തില്‍ കണ്ടിട്ടില്ലാത്ത പോലെ ഒരു മുഖം. ഹിന്ദിയിലൊക്കെയേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ലുക്ക് മാത്രമല്ല, നല്ല കിടിലന്‍ ക്യാരക്ടറും ആ ക്യാരക്ടറിന്റെ ഗ്രാഫും അടിപൊളിയാണ്. ലോഹി സാറിന്റെ സ്‌ക്രിപ്റ്റും. അത് ഭയങ്കര അടിപൊളിയായിട്ട് തോന്നി.

പിന്നെ ഫാന്റത്തിനകത്ത്, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ എന്ന സോങ്ങിലൊക്കെ കണ്ടിരുന്നു. ആ സമയത്ത് നമ്മളും അതുപോലെ മുടിയൊക്കെ സൈഡിലേക്ക് ചീകി, ജിമ്മില്‍ പോണം പുഷ് അപ്പൊക്കെ എടുക്കണം എന്നൊക്കെ വിചാരിച്ചിരിക്കുന്ന സമയത്ത്, ഇങ്ങനെയുള്ള ആള്‍ക്കാരെ സിനിമയില്‍ കാണുമ്പോള്‍ നമ്മള്‍ പ്രത്യേകം നോട്ടീസ് ചെയ്യുമല്ലോ. മലയാളത്തില്‍ നിന്ന് അങ്ങനെ നോട്ടീസ് ചെയ്യാന്‍ ആ സമയത്ത് നിഷാന്ത് സാഗര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ നോട്ടീസ് ചെയ്തിരുന്നെങ്കിലും പരിചയപ്പെടാന്‍ പറ്റിയില്ല. പരിചയപ്പെട്ടപ്പോളാണ് നല്ലൊരു മനുഷ്യനാണെന്നും മനസിലായത്’ ടൊവിനോ പറഞ്ഞു.

2000ത്തില്‍ റിലീസായ ജോക്കര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നിഷാന്ത് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസായ ആര്‍.ഡി.എക്‌സ്, ഗരുഡന്‍ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷമായിരുന്നു നിഷാന്തിന്റേത്. ടൊവിനോയെയും, നിഷാന്തിനെയും കൂടാതെ ഷമ്മി തിലകന്‍, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, ഇന്ദ്രന്‍സ്, വെട്ടുകിളി പ്രകാശ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും സിനിമയിലുണ്ട്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, വിക്രം മെഹ്ത, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും.

Content Highlight: Tovino Thomas about his experience with Nishanth Sagar

We use cookies to give you the best possible experience. Learn more