| Thursday, 4th August 2022, 2:25 pm

കോളേജില്‍ കൂട്ടുകാരെ കാണാന്‍ പോകുന്ന പോലെ ഷൂട്ടിന് പോകുന്ന ഞാന്‍ ഡാന്‍സുള്ള ദിവസം പരീക്ഷക്ക് പോകുന്ന പോലെയാണ്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസിന്റെ കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകളുമായെത്തുന്ന ഈ ‘യൂത്തന്‍’ പടത്തിന് റിലീസിന് മുമ്പേ തന്നെ വലിയ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തല്ലുമാലക്ക് വേണ്ടി ഡാന്‍സ് പഠിച്ചതിന്റെയും ഡാന്‍സ് സീക്വന്‍സുകള്‍ ചെയ്തതിന്റെയും അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്ന് പറഞ്ഞതില്‍ നിന്നും തല്ലുമാലയിലെ ‘കിടിലന്‍ ഡാന്‍സറി’ലേക്കുള്ള ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ചാണ് ടൊവിനോ സംസാരിക്കുന്നത്.

”ഡാന്‍സ് ചെയ്യാന്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. റഹ്മാനെയല്ല (ഖാലിദ് റഹ്മാന്‍) ഡാന്‍സിനെ. റഹ്മാനെയും മുഹ്‌സിനെയും എനിക്ക് ഭയങ്കര വിശ്വാസമായിരുന്നു.

ഡാന്‍സ് അറിയില്ല എന്ന് നേരത്തെ തുറന്ന് സമ്മതിച്ചിരുന്നത് കൊണ്ട് എനിക്കത് ഫേക് ചെയ്യേണ്ട കാര്യമില്ല, വേറെ ഒരു ജാഡകളുടെയും ആവശ്യമില്ല.

ഇവര്‍ക്കും അതറിയാമായിരുന്നു. എന്നിട്ടും വസീം എന്ന കഥാപാത്രത്തിന് വേണ്ടി എന്നെയാണ് ചൂസ് ചെയ്തത്. ഡാന്‍സിനപ്പുറം എന്നിലുള്ള എന്തൊക്കെയോ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നു. എന്നെക്കൊണ്ട് ഡാന്‍സ് ചെയ്യിക്കാമെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു.

ഷൈന്‍ ചേട്ടനൊക്കെ ഓള്‍റെഡി ഡാന്‍സറാണ്, ഞാന്‍ പഠിച്ചിട്ട് ചെയ്തതാണ്. ഒരുദിവസം ആഷിഖേട്ടന്റെ അടുത്ത് ഇരിക്കുമ്പോള്‍, ‘ഇന്ന് ഡാന്‍സ് ഷൂട്ടാണ്, ഷൈന്‍ ചേട്ടന്റെയൊക്കെ ഓള്‍റെഡി ഷൂട്ട് ചെയ്തു,’ എന്ന് ഞാന്‍ പറഞ്ഞു. ‘ഷൈന്‍ പിന്നെ സിനിമാറ്റിക് ഡാന്‍സറല്ലേ,’ എന്ന് എന്റെയടുത്ത് ആദ്യമായി പറഞ്ഞത് ആഷിഖേട്ടനാണ്.

ഞാന്‍ നോര്‍മലി എല്ലാ ദിവസവും ഷൂട്ടിന് പോകുന്നത് നമ്മള്‍ കോളേജില്‍ കൂട്ടുകാരെ കാണാന്‍ പോകുന്നത് പോലെയാണ്. പക്ഷെ ഡാന്‍സുള്ള ദിവസം പരീക്ഷക്ക് പോകുന്ന പോലെയാണ് പോകുന്നത്. ടെന്‍ഷന്‍, ഫുള്‍ നെഞ്ചിടിപ്പായിട്ട്,” ടൊവിനോ പറഞ്ഞു.

ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രതിന്റേതായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയ് നിര്‍വഹിക്കുന്നു. ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Tovino Thomas about his dance sequences in Thallumaala movie and the process of learning it

We use cookies to give you the best possible experience. Learn more