| Sunday, 13th March 2022, 12:02 pm

അഭിനയിക്കുന്ന സിനിമകളിലെല്ലാം എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ വേണമെന്നില്ല; കഥാപാത്രമായി ജീവിച്ച് മുന്നോട്ട് പോകണം: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവതാരങ്ങളില്‍ ആരാധകര്‍ക്ക് ഒട്ടും കുറവില്ലാത്ത ഒരു താരമാണ് ടൊവിനോ തോമസ്. വളരെ വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ നാരദനാണ് ടൊവിനോയുടേതായി ഏറ്റവുമൊടുവിലിറങ്ങിയ ചിത്രം.

ചന്ദ്രപ്രകാശ് എന്ന വാര്‍ത്താ അവതാരകനായിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരമിപ്പോള്‍. മാതൃഭൂമി ഓണ്‍ലൈനിന് ല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

മിന്നല്‍ മുരളി എന്ന ചിത്രം തന്നെ കൂടുതല്‍ പേര്‍ അറിയാന്‍ സഹായിച്ചെന്ന് പറയുകയാണ് താരം.

‘എന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ വിജയമായ സിനിമയാണ് ‘മിന്നല്‍ മുരളി’. ടൊവിനോ എന്ന നടനെ ഇതുവരെ അറിയാത്ത ആള്‍ക്കാര്‍ അറിഞ്ഞത് മിന്നല്‍ മുരളിക്കുശേഷമാണ്. ഒരു സിനിമകൊണ്ട് നമ്മള്‍ക്ക് ഒരുപാട് പുതിയ ആള്‍ക്കാരിലേക്ക് എത്താന്‍ സാധിക്കുന്നു എന്നത് വളരെ സന്തോഷമാണ്. മിന്നല്‍ മുരളി ഇറങ്ങിയശേഷം ലോകത്തിന്റെ പലഭാഗത്തുനിന്ന് ആള്‍ക്കാര്‍ എന്നെ വിളിക്കുകയും സന്ദേശം അയക്കുകയുമൊക്കെ ചെയ്തു. മിന്നല്‍ മുരളിക്ക് ശേഷം നടനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. കാരണം പണ്ട് എന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നത്ര ആളുകളല്ല ഇന്നെന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്.

ആ ഉത്തരവാദിത്തം ഞാനെന്ന നടന്റെ ആഗ്രഹങ്ങളെയോ അഭിനയത്തെയോ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. പ്രേക്ഷകന്‍ ഇനി കാണുന്ന എന്റെ സിനിമ ഒരിക്കലും മിന്നല്‍ മുരളി പോലെ ഒന്ന് ആകരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം സ്റ്റീരിയോടൈപ്പ് ആകരുതെന്ന് നിര്‍ബന്ധമുണ്ട്. മിന്നല്‍ മുരളിക്ക് ശേഷം വീണ്ടും അതുപോലെ തന്നെ സൂപ്പര്‍ ഹീറോ സിനിമകള്‍ ആവര്‍ത്തിച്ചാല്‍ അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ല. പലതരം സിനിമകള്‍ ചെയ്യാനും അഭിനേതാവ് എന്ന നിലയില്‍ എന്റെ കൂടുതല്‍ കഴിവുകളെ കണ്ടെത്താനും കഴിഞ്ഞാലാണ് നടനെന്ന നിലയില്‍ എനിക്ക് വളരാനാകുക. അത്തരമൊരു ശ്രമമായിരുന്നു നാരദന്‍,’ ടൊവിനോ പറയുന്നു.

ചെറിയ സിനിമകളുടെ ഭാഗമാകണമെന്നും വ്യത്യസ്ത സിനിമകള്‍ ചെയ്യാനാണ് താല്‍പര്യമെന്നും താരം പറയുന്നു.

‘ഓരോന്നും ചെയ്തുനോക്കാനുള്ള ഒരു സ്വാതന്ത്ര്യം തീര്‍ച്ചയായിട്ടും ഇപ്പോഴെനിക്കുണ്ട്. നല്ലൊരു ടീമിനെ ലഭിക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്തുനോക്കാന്‍ നമുക്ക് പറ്റും. ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയുള്ള കഥാപാത്രങ്ങളാണ് വരുംനാളുകളില്‍ പുറത്തിറങ്ങാനിരിക്കുന്ന വാശി, വിനീത് കുമാര്‍ ചിത്രം, വഴക്ക്, തല്ലുമാല എന്നിവയിലെല്ലാം ചെയ്തിരിക്കുന്നത്. അഭിനയിക്കുന്ന സിനിമകളിലെല്ലാം എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ വേണമെന്ന് ആഗ്രഹമുള്ളയാളല്ല ഞാന്‍.

നടനെന്ന നിലയില്‍ ഇഷ്ടപ്പെട്ട സിനിമകളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. കേന്ദ്രകഥാപാത്രമാകാത്ത ഒരുപാട് സിനിമകള്‍ പോയവര്‍ഷങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇനി പുറത്തുവരാന്‍ പോകുന്നതിലും അത്തരം സിനിമകളുണ്ട്. പിന്നെ, ഒരു നടനെന്നനിലയ്ക്ക് എനിക്ക് ചെയ്യാന്‍പറ്റുന്ന ചില നല്ല കാര്യങ്ങളുണ്ട്, ഉദാഹരണം ചില നല്ല സിനിമകള്‍ നടക്കണമെങ്കില്‍ വിപണിമൂല്യമുള്ള നടന്മാരെ ആവശ്യമായിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ വിപണിമൂല്യം അത്തരം സിനിമകള്‍ക്കുവേണ്ടി ഉപയോഗിക്കാം. അങ്ങനെക്കൂടിയാണ് ഞാന്‍ സിനിമാഭിനയത്തെ നോക്കിക്കാണുന്നത്. അല്ലാതെ നടനെന്നനിലയിലുള്ള ഉയര്‍ച്ചക്ക് വേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നത്.

മിന്നല്‍ മുരളി പോലെ വലിയ സിനിമകള്‍ ചെയ്‌തെന്ന് കരുതി ഇനി അത്തരം വലിയ ബജറ്റ് സിനിമകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹമില്ല. ചെറിയ സിനിമകളും ചെയ്യണം. പലതരം സംവിധായകരുടെ കൂടെ വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് എല്ലാ ദിവസവും വേറെ വേറെ കഥാപാത്രമായി ജീവിച്ച് വളരെ രസകരമായി മുന്നോട്ട് പോകണം. അത്തരമൊരു ജീവിതമാണ് ഇന്നെന്നെ സന്തോഷിപ്പിക്കുന്നത്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.


Content Highlights: Tovino Thomas about his acting career

We use cookies to give you the best possible experience. Learn more