| Sunday, 26th December 2021, 11:34 am

ചില കാരണങ്ങളാല്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ കാത്തിരിക്കേണ്ടി വന്നു; ഗുരു സോമസുന്ദരവുമായുള്ള ബന്ധം പങ്കുവെച്ച് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പുതിയ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. റിലീസിന് മുന്നേയുള്ള പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന മിന്നല്‍ മുരളി രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ നായകനെക്കാളധികം ശ്രദ്ധ നേടിയത് വില്ലനായിരുന്നു. ഷിബുവായുള്ള ഗുരു സോമസുന്ദരത്തിന്റെ പ്രകടനം പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നു.

സിനിമയില്‍ സൂപ്പര്‍ ഹീറോയും സൂപ്പര്‍ വില്ലനുമൊക്കെയാണെങ്കിലും മിന്നല്‍ മുരളിയിലൂടെ തനിക്ക് കിട്ടിയ ഏറ്റവും വിലമതിപ്പുള്ള ബന്ധമാണ് ഗുരു സോമസുന്ദരത്തിന്റേതെന്ന് പറയുകയാണ് ടൊവിനോ. ഗുരു സോമസുന്ദരവുമായുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റി ടൊവിനോ എഴുതിയത്.

‘ചില കാരണങ്ങളാല്‍ ഈ ചിത്രങ്ങള്‍ എനിക്ക് പോസ്റ്റ് ചെയ്യാന്‍ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വന്നു. ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാള്‍, ജീവിതത്തെയും സിനിമയെ പറ്റിയും അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചു. ജെയ്‌സണും ഷിബുവുമായി അഭിനയിക്കാന്‍ ഞങ്ങള്‍ക്ക് പരസ്പരം കണക്ഷനും കെമിസ്ട്രിയും വേണമായിരുന്നു. മിന്നല്‍ മുരളിയില്‍ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വിലമതിപ്പുളള ഒന്നാണ് അദ്ദേഹവുമായുള്ള ബന്ധം

രക്ഷിതാവിന്റെ സ്ഥാനത്തും ഗുരുവിന്റെ സ്ഥാനത്തും ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയതില്‍ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സര്‍, ഞങ്ങളോടൊപ്പം ചേര്‍ന്ന ചരിത്രം രചിച്ചതില്‍ ഒരുപാടി നന്ദി,’ ടൊവിനോ കുറിച്ചു.

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികള്‍ക്ക് പരിചിതനായത്. തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്.

2011 ല്‍ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത ആരണ്യകാണ്ഡത്തിലൂടെയാണ്  ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്. 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവില്‍ 2021 ല്‍ മിന്നല്‍ മുരളിയിലൂടെ ഗുരുവിന്റെ കഥാപാത്രം ഏറെ ചര്‍ച്ചയാവുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tovino thomas about guru somasundharam

We use cookies to give you the best possible experience. Learn more