ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമയിലെ മുൻ നിര താരങ്ങൾക്കൊപ്പം എത്തിയ നടനാണ് ടൊവിനോ തോമസ്. അസിസ്റ്റന്റ് ഡയക്ടറായി സിനിമയിലേക്കെത്തിയ താരം നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ടൊവിനോ പൊലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ചിത്രത്തിന്റെ ഷൂട്ടിനിടയിൽ മമ്മൂട്ടി വീഡിയോ കോൾ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് താരം. കട്ടപ്പനയിൽ ഷൂട്ട് നടക്കുമ്പോൾ മമ്മൂട്ടി വിഡിയോ കോൾ ചെയ്‌തെന്നും തന്റെ മീശ വെപ്പാണോയെന്ന് ചോദിച്ചെന്നും ടൊവിനോ പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കണ്ണൂർ സ്‌ക്വാഡ് സിനിമയിലും എനിക്കറിയാവുന്ന ആളുകളാണ് ഉള്ളത്. അതും ഇതും വളരെയധികം വ്യത്യാസമുള്ള സിനിമകളാണ്. റോബിയും ഞാനും എ.ബി.സി.ഡി സിനിമ മുതൽ പരിചയമുണ്ട്. അതിന്റെ ഡയറക്ടർ ശരിക്കും സിനിമോട്ടോഗ്രാഫറാണ്. അതിൽ ജോമോൻ ചേട്ടന്റെ അസിസ്റ്റന്റ് ആയിരുന്നു റോബി. പിന്നെ അർജുൻ രാധാകൃഷ്ണൻ അതിൽ അഭിനയിച്ചിട്ടുണ്ട്.
ഞങ്ങളുടെ സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ കട്ടപ്പനയിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് വീഡിയോ കോളിൽ വന്നിട്ട് മമ്മൂക്ക സംസാരിക്കുമായിരുന്നു. മമ്മൂക്ക എന്നോട് മീശ വെപ്പ് ആണോടാ എന്ന് ചോദിച്ചു. കാരണം അത് കുറച്ച് ഇറങ്ങിയിട്ട് ആയിരുന്നു.
അല്ല മമ്മൂക്ക, ഒറിജിനൽ ആണെന്ന് ഞാൻ പറഞ്ഞു. അവിടെയും പോലീസ് ഇവിടെയും പോലീസ് പടം എന്നൊക്കെ പറഞ്ഞ് വർത്താനം പറഞ്ഞിരുന്നു. ഒരു പൊലീസ് യൂണിഫോം ഇട്ടിട്ടുണ്ട് അതുപോലെ പൊലീസ് കഥയാണെന്ന് വെച്ചാൽ വേറെ ഒരു സിമിലാരിറ്റീസും കണ്ണൂർ സ്ക്വാഡുമായി ഈ സിനിമയ്ക്കില്ല,’ ടൊവിനോ പറഞ്ഞു.
ടൊവിനോ പൊലീസ് കഥാപാത്രമായി എത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.ഫെബ്രുവരി 9നാണ് റിലീസ് ചെയുന്നത്. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.
Content Highlight: Tovino thomas about funny incident with mammootty