മറ്റൊരാളുടെ പരാജയം താനെന്തിന് ആഗ്രഹിക്കണമെന്ന് നടൻ ടൊവിനോ തോമസ്. ദുല്‍ഖറിന്റേതെന്നല്ല ഒരു നടന്റേയും സിനിമകള്‍ പരാജയപ്പെടണമെന്ന് താന്‍ ആഗ്രഹിക്കില്ലെന്നും മറ്റൊരാളുടെ പരാജയത്തിലൂടെ വിജയത്തിലെത്താമെന്ന ധാരണ തനിക്കില്ലെന്നും ടൊവിനോ പറഞ്ഞു. താന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന കാലം മുതല്‍ ദുല്‍ഖറിനെ കാണാന്‍ തുടങ്ങിയതാണെന്നും അദ്ദേഹത്തിന്റെ ഒരു പരാജയവും താന്‍ ആഗ്രഹിക്കില്ലെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു.
ദുൽഖർ നായകനായ എ.ബി.സി.ഡി സിനിമയിലൂടെയാണ് തന്റെ മുഖം ആളുകളുടെ ഇടയിൽ രജിസ്റ്റർ ആകുന്നതെന്ന് ടൊവിനോ പറഞ്ഞു. അത് ദുൽഖറിന്റെ സിനിമ ആയതുകൊണ്ട് വിജയിക്കേണ്ട എന്ന് കരുതുമോയെന്ന് ടൊവിനോ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. മൂവി മാൻ ബ്രോഡ്‌കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സഹതാരങ്ങള്‍ പാന്‍ ഇന്ത്യന്‍ ഹിറ്റടിക്കുക്കുമ്പോഴും പാന്‍ ഇന്ത്യന്‍ സ്റ്റാറാകാമ്പോഴും എന്താണ് തോന്നാറുള്ളത് എന്ന ചോദ്യത്തിനായിരുന്നു ടൊവിനോയുടെ മറുപടി.
‘എ.ബി.സി.ഡി എന്ന സിനിമയിലൂടെയാണ് ആളുകളുടെ ഇടയിൽ എന്റെ മുഖം പതിയുന്നത്. അത് ദുൽഖർ സൽമാന്റെ സിനിമയല്ലേ. അത് ദുൽഖർ സൽമാന്റെ സിനിമയാണ് വേണ്ട രീതിയിൽ വിജയിക്കേണ്ട എന്ന് എനിക്ക് പറയാൻ പറ്റുമോ. ഞാൻ ആ സിനിമയുടെ ഭാഗമായിരുന്നു. അതുകൊണ്ട് മാത്രമല്ല, ഞാൻ അന്ന് മുതൽ കാണുന്നതാണ് ദുൽഖറിനെ. നിങ്ങൾ നിങ്ങളുടെ മനസ്സിൽ വിചാരിക്കുന്നത് പോലെയല്ല ഞങ്ങൾ ആക്ടേഴ്‌സ് തമ്മിൽ പെരുമാറുന്നത്. അത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്.
നിങ്ങൾ ചിലപ്പോൾ ആക്ടേഴ്സിന്റെ പേര് പറഞ്ഞിട്ട് തല്ലു കൂടുന്നുണ്ട്, ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ കണ്ടുമുട്ടുമ്പോൾ നിങ്ങളോട് ഷെയർ ചെയ്യാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങളും ഒരുപോലെയുള്ള എക്സ്പീരിയൻസും നമുക്കുണ്ട്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോൾ കാണുന്നതല്ലേ ദുൽഖറിനെ. അന്നേ ദുൽഖർ എന്റെ അടുത്ത് ഭയങ്കര സ്വീറ്റ് ആയിരുന്നു.
മറ്റുള്ളവരുടെ പരാജയം കൊണ്ട് വിജയിക്കുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. വേറൊരാളുടെ പരാജയത്തിൽ എനിക്ക് എത്ര പ്രാവശ്യം വിജയിക്കാൻ പറ്റും. എന്റെ കഴിവുകൊണ്ട് വേണ്ടേ ഞാൻ ജയിക്കാൻ, മറ്റൊരുവന്റെ കഴിവുകേടുകൊണ്ട് വിജയിച്ചാൽ എത്ര പ്രാവശ്യം ജയിക്കാൻ പറ്റും? അബദ്ധത്തിൽ രണ്ട് പ്രാവശ്യം വിജയിക്കാൻ പറ്റുമായിരിക്കും.
നമ്മൾ നമ്മളെ തന്നെ കൂടുതൽ തേച്ചു മിനിക്കി കൊണ്ടിരിക്കുക. നമ്മൾ എടുക്കേണ്ട എല്ലാ എഫേർട്ടും പൂർണ്ണമായിട്ടും എടുക്കുക. എന്നിട്ട് നമ്മൾ സ്വന്തമായിട്ട് സക്സസ് ഉണ്ടാക്കുക. മറ്റൊരാളുടെ വിജയവും എന്റെ സക്സസും ഒരു ബന്ധവുമില്ല. അവരുടെ സക്സസ് എന്നുള്ള കൺസെപ്റ്റ് ആയിരിക്കില്ല എന്റെ സക്സസും കൺസെപ്റ്റും.
ഞാൻ ഹാപ്പി ആയിരിക്കുക, ആ സിനിമക്ക് ബാങ്കബിലിറ്റി ഉണ്ടാവുക. സിനിമകൾ ചെയ്യുക, ഫാമിലി ആയിട്ട് കുറച്ചു സമയം സ്പെൻഡ് ചെയ്യുക. യാത്ര ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, ആരോഗ്യം നോക്കുക. അങ്ങനെ നോക്കുമ്പോൾ ഞാനിപ്പോൾ ഭയങ്കര സക്സസ്ഫുൾ ആണ്. ഏറ്റവും വലിയ ഹിറ്റ് എന്റേതാവണമെന്നൊന്നുമില്ല,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino thomas about friendship bound with dulquer salman