അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് സഹനടനായും വില്ലനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു. കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ ചിത്രത്തിലൂടെ ടൊവിനോക്ക് സാധിച്ചു.
ടൊവിനോയെ നായകനാക്കി അഖില്‍ തോമസ്, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫോറന്‍സിക്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം ഗംഭീര ട്വിസ്റ്റുകളാല്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുകളിലൊന്നായിരുന്നു ഒരാളുടെ ശരീരത്തില്‍ രണ്ട് ഡി.എന്‍.എ വരിക എന്ന കാര്യം.
കഥ കേള്‍ക്കുന്ന സമയത്ത് അക്കാര്യം തന്നെയും ഞെട്ടിച്ചിരുന്നെന്ന് പറയുകയാണ് ടൊവിനോ തോമസ്. ഒരുപാട് റിസര്‍ച്ചുകള്‍ ചെയ്യേണ്ട സ്‌ക്രിപ്റ്റാണ് അഖിലും അനസും ചെയ്യാറുള്ളതെന്നും അതെല്ലാം സിനിമയെ സഹായിക്കുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ ആ പ്രധാന ട്വിസ്റ്റുകളിലൊന്ന് തിയേറ്ററിലിരുന്ന് കണ്ടപ്പോള്‍ പലരും ഗൂഗിള്‍ ചെയ്ത് നോക്കിയിരുന്നെന്നും ടൊവിനോ പറഞ്ഞു.
ഇക്കാര്യം താനും ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോള്‍ സംഗതി ശരിയാണെന്ന് മനസിലായെന്നും അത് എങ്ങനെ മനസിലായെന്ന് അഖിലിനോട് ചോദിച്ചെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഐഡന്റിറ്റിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
‘ഐഡന്റിറ്റിയെപ്പറ്റി പറയുകയാണെങ്കില്‍ ഇത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഇതില്‍ കുറച്ച് ആക്ഷനും ഇമോഷനും കൂടി ചേരുന്നുണ്ട്. അതിന്റെ കൂടെ ഫോറന്‍സിക്കില്‍ കണ്ടതുപോലെ പുതിയ കുറച്ച് ഐഡിയകളും ഉണ്ട്. ആ സിനിമയില്‍ ഒരാളുടെ ശരീരത്തില്‍ രണ്ട് ഡി.എന്‍.എ കാണാന്‍ സാധിക്കും എന്ന കാര്യം എനിക്ക് പുതിയ അറിവായിരുന്നു. എനിക്ക് മാത്രമല്ല, തിയേറ്ററില്‍ നിന്ന് കണ്ടവര്‍ക്കും ഫ്രഷ് ആയിട്ടുള്ള അറിവായിരുന്നു.
സിനിമക്ക് വേണ്ടി ഉണ്ടാക്കിയ ലോജിക്കാണോ എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. തിയേറ്ററില്‍ നിന്ന് ആ കാര്യം പലരും ഗൂഗിള്‍ ചെയ്ത് നോക്കിയിരുന്നു. കഥ കേട്ട സമയത്ത് ഞാനും അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നു. സംഗതി സത്യമാണെന്ന് മനസിലായപ്പോള്‍ ‘ആ കാര്യം നിനക്ക് എങ്ങനെയറിയാം’ എന്നാണ് ഞാന്‍ അഖിലിനോട് ചോദിച്ചത്. അത്തരത്തില്‍ ഒരുപാട് റിസര്‍ച്ച് ആവശ്യമായിട്ടുള്ള സ്‌ക്രിപ്റ്റാണ് അഖിലും അനസും എപ്പോഴും ചെയ്യുന്നത്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas about Forensic movie twist