പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ടൊവിനോ തോമസ്. എ.ബി.സി.ഡി, സെവന്‍ത്ത് ഡേ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ ടൊവിനോ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.
ടൊവിനോയുടെ കരിറിലെ വലിയ ഇംപാക്ടുണ്ടാക്കിയ ചിത്രങ്ങളായിരുന്നു ഗോദയും മിന്നല്‍ മുരളിയും. ഗോദ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ടൊവിനോയ്ക്ക് സാധിച്ചു. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ബേസില്‍ ജോസഫായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.
ടൊവിനോയെ പോലെ ഇന്ന് മലയാളത്തിൽ തിരക്കുള്ള ഒരു നായക നടനാണ് ബേസിൽ ജോസഫ്. ഈ വർഷമിറങ്ങിയ പല സൂപ്പർഹിറ്റ് സിനിമകളിലും ബേസിലും ഭാഗമായിട്ടുണ്ട്.
എന്നാൽ ബേസിൽ ജോസഫ് എന്ന സംവിധായകനെ താൻ മിസ് ചെയ്യുന്നുണ്ട് എന്നാണ് ടൊവിനോ പറയുന്നത്. ഇനിയും സിനിമകളിൽ അഭിനയിക്കണമെന്ന് താൻ ബേസിലിനോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതിനൊപ്പം മൂന്ന് വർഷത്തിൽ ഒരു സിനിമയെങ്കിലും ബേസിൽ സംവിധാനം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
‘ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ബേസിൽ ജോസഫ് എന്ന സംവിധായകനെയാണ്. ഞാൻ കഴിഞ്ഞ ദിവസം കൂടെ അവനോട് പറഞ്ഞു, നിന്റെ അഭിനയം ഗംഭീരമാണ്, നീ ഇനിയും സിനിമകളിൽ അഭിനയിക്കണം. പക്ഷെ , ഒരു മൂന്ന് വർഷം കൂടുമ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണം എന്നായിരുന്നു.
അവൻ എനിക്കൊരു സിനിമ തരണമെന്ന് നിർബന്ധമില്ല. ബേസിൽ ജോസഫ് സംവിധാനം ചെയ്താൽ മതി. ഞാൻ അതിൽ ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്ക് സന്തോഷം തന്നെയാണ്. അവൻ സിനിമ ചെയ്താൽ മതി,’ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas About Director Basil Joseph