മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തി സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. റോബി വർഗീസ് സംവിധാനം ചെയ്ത ചിത്രത്തിൽ നാലംഗ സംഘത്തിന്റെ ഒരു ഇൻവെസ്റ്റിഗേഷൻ കഥയാണ് പറഞ്ഞത്. അതുപോലെ നാല് പൊലീസുകാർ അണിനിരക്കുന്ന ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രം ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററിൽ എത്തുക.
കണ്ണൂർ സ്‌ക്വാഡും അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അതും ഇതും വളരെയധികം വത്യാസമുള്ള പടങ്ങളെന്നാണ് ടൊവിനോയുടെ മറുപടി. കണ്ണൂർ സ്‌ക്വാഡ് സിനിമയിൽ തനിക്ക് അറിയാവുന്ന ആളുകൾ ഉണ്ടായിരുന്നെന്നും റോബി വർഗീസിനെ എ.ബി.സി.ഡി മുതൽ അറിയാമെന്നും ടൊവിനോ പറഞ്ഞു. പൊലീസ് യൂണിഫോം ഇടുന്നുണ്ടെന്നും അവരുടെ കഥയാണെന്നും ഒഴിച്ചാൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ണൂർ സ്‌ക്വാഡിൽ നിന്ന് ഏറെ വ്യത്യാസമുള്ള ചിത്രമാണെന്ന് ടൊവിനോ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കണ്ണൂർ സ്‌ക്വാഡ് സിനിമയിലും എനിക്കറിയാവുന്ന ആളുകളാണ് ഉള്ളത്. അതും ഇതും വളരെയധികം വ്യത്യാസമുള്ള സിനിമകളാണ്. റോബിയും ഞാനും എ.ബി.സി.ഡി സിനിമ മുതൽ പരിചയമുണ്ട്. അതിന്റെ ഡയറക്ടർ ശരിക്കും സിനിമോട്ടോഗ്രാഫറാണ്. അതിൽ ജോമോൻ ചേട്ടന്റെ അസിസ്റ്റന്റ് ആയിരുന്നു റോബി. പിന്നെ അർജുൻ രാധാകൃഷ്ണൻ അതിൽ അഭിനയിച്ചിട്ടുണ്ട്.
ഞങ്ങളുടെ സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ കട്ടപ്പനയിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് വീഡിയോ കോളിൽ വന്നിട്ട് മമ്മൂക്ക സംസാരിക്കുമായിരുന്നു. മമ്മൂക്ക എന്നോട് മീശ വെപ്പ് ആണോടാ എന്ന് ചോദിച്ചു. കാരണം അത് കുറച്ച് ഇറങ്ങിയിട്ട് ആയിരുന്നു.
അല്ല മമ്മൂക്ക, ഒർജിനൽ ആണെന്ന് ഞാൻ പറഞ്ഞു. അവിടെയും പോലീസ് ഇവിടെയും പോലീസ് പടം എന്നൊക്കെ പറഞ്ഞ് വർത്താനം പറഞ്ഞിരുന്നു. ഒരു പൊലീസ് യൂണിഫോം ഇട്ടിട്ടുണ്ട് അതുപോലെ പൊലീസ് കഥയാണെന്ന് വെച്ചാൽ വേറെ ഒരു സിമിലാരിറ്റീസും കണ്ണൂർ സ്ക്വാഡുമായി ഈ സിനിമയ്ക്കില്ല,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino thomas about comparison between kannur squad and anweshippin kandethum