Entertainment
അവന്‍ കാരണം ഞാന്‍ രണ്ട് പേര്‍ക്കുള്ള ഫുഡ് എല്ലാ ദിവസവും വാങ്ങേണ്ടി വന്നു: ടൊവിനോ തോമസ്
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങിയ ആളാണ് ടൊവിനോ തോമസ്. കരിയറിന്റെ തുടക്കത്തില്‍ ചെറിയവേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ടൊവിനോ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് നായകവേഷങ്ങളിലേക്ക് കൂടുമാറിയ ടൊവി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചും താരം സ്വന്തമാക്കി.
മൂന്ന് കാലഘട്ടത്തിലെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബേസിലും താനുമായുമുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. ഗോദയിലും മിന്നല്‍ മുരളിയിലും സംവിധായകന്‍ എന്ന നിലയില്‍ നല്ല സൗഹൃദമുണ്ടെന്നും ഡിയര്‍ ഫ്രണ്ട് മുതലിങ്ങോട്ട് തങ്ങള്‍ നാലഞ്ച് സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.
അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ട് തുടങ്ങിയ സമയത്ത് ബേസിലിന് ഇപ്പോഴുള്ളതുപോലെ സാറ്റ്‌ലൈറ്റ് വാല്യു ഉണ്ടായിരുന്നില്ലെന്നും വളരെ പെട്ടെന്ന് അവന്‍ വളര്‍ന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
വലിയ നടനായതിന് ശേഷം ഡയറ്റൊക്കെ നോക്കി തുടങ്ങിയെന്നും പ്രൊഡക്ഷന്‍ സൈഡിനോട് ഫുഡ് പറയാന്‍ മടിയുള്ളതുകൊണ്ട് തന്റെ ഫുഡിന്റെ പകുതിയാണ് ബേസില്‍ കഴിച്ചതെന്നും ടൊവിനോ പറഞ്ഞു. അത് തുടര്‍ന്നപ്പോള്‍ താന്‍ രണ്ട് പേര്‍ക്കുള്ള ഭക്ഷണം പറയേണ്ടി വന്നെന്നും ടൊവിനോ പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
‘ഗോദയുടെ സമയം മുതലേ ബേസിലുമായി നല്ല ഫ്രണ്ട്ഷിപ്പാണ്. ഡിയര്‍ ഫ്രണ്ട് മുതലാണ് അവനും ഞാനും ഒരുമിച്ചഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് കിലോമറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലൊക്കെ അവനും ഞാനും ഒന്നിച്ചഭിനയിച്ചു. സെറ്റിലൊക്കെ ഞങ്ങള്‍ വലിയ കമ്പനിയാണ്. ഡയറക്ടറായിരിക്കുമ്പോള്‍ മാത്രം കുറച്ച് സീരിയസ് ഇടും. റൂമിലെത്തിയാല്‍ വീണ്ടും പഴയതുപോലെ തന്നെ. ഇപ്പോഴാണ് അവന്‍ വലിയ നടനായത്.
ഈ സിനിമയുടെ സെറ്റില്‍ വന്ന സമയത്ത് അവന്‍ വലിയ സ്റ്റാറായിട്ടില്ല. ഈയിടക്കാണ് അവന്‍ ഡയറ്റൊക്കെ നോക്കിത്തുടങ്ങിയത്. അപ്പോള്‍ അതിനനുസരിച്ച് ഫുഡ് കഴിക്കണം, ഇത് പ്രൊഡക്ഷന്‍ ടീമിനോട് പറയാന്‍ മടിയായതുകൊണ്ട് എന്റെയടുത്ത് വന്നാണ് ഫുഡടിക്കുന്നത്. എനിക്ക് തരുന്ന ഫുഡിന്റെ പകുതിയും അവന്‍ തീര്‍ക്കും, ഒടുവില്‍ ഞാന്‍ രണ്ട് പേര്‍ക്കുള്ള ഫുഡ് പറഞ്ഞുതുടങ്ങി,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas about Basil Joseph in Ajayante Randam Moshanam