നീ പോസ്റ്റില്‍ നിന്ന് താഴേക്ക് ഇറങ്ങുമല്ലോ അപ്പോള്‍ കാണിച്ചുതരാമെന്നായിരുന്നു മനസില്‍; 'അഭിനേതാവായ' ബേസിലിനെ കുറിച്ച് ടൊവിനോ
Entertainment news
നീ പോസ്റ്റില്‍ നിന്ന് താഴേക്ക് ഇറങ്ങുമല്ലോ അപ്പോള്‍ കാണിച്ചുതരാമെന്നായിരുന്നു മനസില്‍; 'അഭിനേതാവായ' ബേസിലിനെ കുറിച്ച് ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th June 2022, 4:52 pm

അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡിയര്‍ ഫ്രണ്ട്’. ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗഹൃദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമായിരിക്കും ഡിയര്‍ ഫ്രണ്ട് എന്നാല്‍ ട്രെയ്ലറുകളില്‍ നിന്നും വ്യക്തമാകുന്നത്. ജൂണ്‍ 10 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഡിയര്‍ ഫ്രണ്ടിനുണ്ട്. സംവിധായകനില്‍ നിന്നും അഭിനേതാവിലേക്കുള്ള ബേസിലിന്റെ മാറ്റത്തെ കുറിച്ച് സംസാരിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനില്‍ നിന്നും അഭിനേതാവായുള്ള ബേസിലിന്റെ മാറ്റത്തെ കുറിച്ച് ടൊവിനോ സംസാരിക്കുന്നത്.

കൂടെ അഭിനയിക്കുന്ന ഏതെങ്കിലുമൊരു സമയത്ത് ബേസിലിലെ ഡയറക്ടര്‍ ഉണരുന്നുണ്ട് എന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മീശമാധവനില്‍ മച്ചാന്‍ വര്‍ഗീസേട്ടനോട് ജഗതിച്ചേട്ടന്റെ ക്യാരക്ടര്‍ പറയുന്നില്ലേ, നീ പോസ്റ്റില്‍ നിന്ന് താഴേക്ക് ഇറങ്ങുമല്ലോ അപ്പോള്‍ കാണിച്ചുതരാമെന്ന്, അതുപോലെ സംവിധായകനില്‍ നിന്ന് അവന്‍ നടനായി വന്നപ്പോള്‍ തനിക്ക് അതേ ഫീലായിരുന്നുവെന്നായിരുന്നു ടൊവിനോയുടെ മറുപടി.

നീ വാടാ.. വന്ന് അനുഭവിക്കെടാ എന്ന് പറഞ്ഞു. കാര്യം മറ്റേത് അവനാണല്ലോ അന്തിമ വാക്ക്. ഇവിടെ ഇവനല്ലല്ലോ അന്തിമ വാക്ക്. അതാണ്. പക്ഷേ ഭയങ്കര ഫണ്‍ ആയിരുന്നു. ബേസില്‍, അര്‍ച്ചന അര്‍ജുന്‍, സഞ്ജന ഇവരൊക്കെയായി പെട്ടെന്ന് സിംഗാവാന്‍ പറ്റി, ടൊവിനോ പറഞ്ഞു.

വലിയ മസിലൊക്കെയുണ്ടെങ്കിലും കുട്ടികളുടെ മനസാണ് ടൊവിനോയ്ക്കെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായിരിക്കും അങ്ങനെ അദ്ദേഹം പറയാന്‍ കാരണമെന്ന ചോദ്യത്തിന് എന്തെങ്കിലും ചെറിയ പ്രശ്നം വരുമ്പോഴേക്കും ടെന്‍ഷനാകുന്ന ആളാണ് താനെന്നും ഒരുപക്ഷേ അതായിരിക്കാമെന്നുമായിരുന്നു ടൊവിനോയുടെ മറുപടി.

ഭയങ്കരമായി ഇഷ്ടപ്പെട്ടാണ് ഞാന്‍ സിനിമയില്‍ വന്നത്. എന്നാല്‍ ഇതിനിടെ ഡേറ്റിന്റെ പ്രശ്നം പോലുള്ള ചില എക്സ്റ്റേണല്‍ ഫാക്ടേഴ്സ് വരും. അത് ആരുടേയും കുറ്റം കൊണ്ട് സംഭവിക്കുന്നതല്ല. ഒരു മഴപെയ്താല്‍ തകരുന്ന ഷെഡ്യൂളേ നമുക്കുള്ളു. ഒരു നടനോ നടിക്കോ സംവിധായകനോ ഒരു പനി വന്നാല്‍ തകര്‍ന്നുപോകുന്ന ഷെഡ്യൂളേ ഉള്ളൂ.

അതുകൊണ്ട് തന്നെ ഇങ്ങനത്തെ കാര്യം വരുമ്പോള്‍ ഞാന്‍ പെട്ടെന്ന് പാനിക്കാവും. ഒരു പടം തീര്‍ന്നിട്ടില്ല, എന്നാല്‍ മറ്റേ പടത്തില്‍ ഈ ദിവസം ജോയിന്‍ ചെയ്യേണ്ടതുണ്ട്. ഇവരാരും എന്റെ തലയില്‍ പ്രഷര്‍ ഇട്ടില്ലെങ്കിലും എനിക്ക് പ്രഷര്‍ ഫീല്‍ ചെയ്യും. എനിക്ക് പറഞ്ഞ സമയത്ത് അവിടെ ഷൂട്ടിന് എത്താന്‍ പറ്റില്ല, ഇനി അവിടെ ചെന്ന് അത് സോര്‍ട്ട് ചെയ്യേണ്ടി വരും. അവര്‍ നഷ്ടം സഹിക്കേണ്ടി വരുമെന്നൊക്കെ ഞാന്‍ ഓര്‍ക്കും.

എന്നാല്‍ ഇവിടെ ഞാന്‍ മൂഡ് ഓഫ് ആയിരുന്നാല്‍ ഇവരും സഫര്‍ ചെയ്യേണ്ടി വരും. അതാലോചിച്ച് ഞാന്‍ പിന്നേയും കുറച്ചുകൂടി ടെന്‍സ്ഡ് ആവും, ടൊവിനോ പറഞ്ഞു.

ഒരേ സമയത്ത് പല സിനിമകളുടേയും കാര്യം തലയിലൂടെ ഓടിക്കൊണ്ടിരിക്കുകയും എന്നാല്‍ നമ്മള്‍ അതെല്ലാം മാറ്റി വെച്ച് ഒരു കഥാപാത്രത്തിനായി മാത്രം ഇരിക്കുകയും ചെയ്യുകയാണ്. ആ സമയത്ത് ഷൂട്ടൊക്കെ കഴിഞ്ഞ റൂമില്‍ എത്തുമ്പോള്‍ ടെന്‍ഷന്‍ ഭയങ്കരമായി ഉണ്ടാകും. ഒരാളോട് പറഞ്ഞ സമയത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ വറീഡാവും. നാരദന്റെ സമയത്തൊക്കെ ആഷിഖേട്ടന്‍ ഇത് കാണുന്നുണ്ട്. നീ ഇത്ര പാവമാണോ നീ ഇങ്ങനെ പാവമായാല്‍ ഇതൊക്കെയെങ്ങനെ ഡീല്‍ ചെയ്യുമെന്ന് പുള്ളി ചോദിച്ചിരുന്നു,’ ടൊവിനോ പറഞ്ഞു.

 

Content highlight: Tovino Thomas about Basil Joseph