| Friday, 14th April 2023, 9:25 pm

കൂതറയുടെ ഡബ്ബിനിടക്ക് ഞാന്‍ പട്ടിണിക്കിരിക്കുമ്പോള്‍ ആഷിക്കേട്ടനും റിമയും കാറില്‍ വന്നിറങ്ങുകയാണ്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൂതറ സിനിമയുടെ ഷൂട്ടിനിടക്കുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. അന്ന് ബൈക്കില്‍ വരുകയാണെങ്കില്‍ തനിക്ക് ടി.എ. കിട്ടുമായിരുന്നുവെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും ടൊവിനോ പറഞ്ഞു. ബസിന് വന്ന ദിവസം ടിഎ കിട്ടിയില്ലെന്നും അന്ന് സ്റ്റുഡിയോയില്‍ ആഷിക് അബുവിനെ കണ്ടപ്പോള്‍ പൈസ ചോദിച്ചാലോയെന്ന് ഒപ്പമുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞുവെന്നും ടൊവിനോ പറഞ്ഞു.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ പഴയ അനുഭവങ്ങള്‍ പങ്കുവെച്ചത്. ‘കൂതറ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും കനത്ത ദാരിദ്ര്യമാണ്. വീട്ടില്‍ നിന്നും അപ്പന്റെ വണ്ടിയും ഓടിച്ചാണ് ഞാന്‍ ഷൂട്ടിനെത്തുന്നത്. എനിക്ക് ടിഎ കിട്ടും. ആ കാശ് കൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്. ഞാന്‍ ബസിന് വന്നാല്‍ അന്ന് ടിഎ ഇല്ല.

അന്ന് ഭക്ഷണം കഴിക്കാന്‍ ഒരു നടപടിയില്ലാതെ നില്‍ക്കുകയാണ്. അന്ന് കൂതറയുടെ ഡബ്ബിങ് നടക്കുമ്പോള്‍ ലാല്‍ മീഡിയയില്‍ ഗ്യാങ്‌സ്റ്ററിന്റെ അവസാന പരിപാടികള്‍ നടക്കുകയാണ്. ആഷിക്കേട്ടന്റെ കല്യാണം കഴിഞ്ഞ സമയമാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ ഒരു ഉനൈസ് എന്റെ കൂടെയുണ്ട്. വിശന്നിട്ട് പാടില്ല. വൈകുന്നേരം ഡിന്നറിന് എന്ത് ചെയ്യും. കടുത്ത പട്ടിണിയിലാണ്. അപ്പോള്‍ ആഷിക്കേട്ടനും റിമയും കാറില്‍ വന്നിറങ്ങുകയാണ്.

ഇവര്‍ കല്യാണത്തിന് പാവപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ കൊടുത്തിട്ടുണ്ട്, നമുക്കൊരു ഇരുന്നൂറ് രൂപ ചോദിച്ചാലോയെന്ന് ഉനൈസ് പറഞ്ഞു. വീട്ടില്‍ നിന്നും പൈസ മേടിക്കുന്നതിന് പരിധി ഉണ്ടല്ലോ. അങ്ങനെയുള്ള കുറെ രസകരമായ അനുഭവങ്ങള്‍ ഉണ്ട്,’ ടൊവിനോ പറഞ്ഞു.

ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചമാണ് റിലീസിന് ഒരുങ്ങുന്ന ടൊവിനോയുടെ ചിത്രം. ഇതേ പേരിലുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 20നാണ് നീലവെളിച്ചം റിലീസ് ചെയ്യുന്നത്.

Content Highlight: tovino thomas about ashiq abu and rima kallinkal

We use cookies to give you the best possible experience. Learn more