ചുരുങ്ങിയ കാലയളവ് കൊണ്ട് തന്റേതായൊരിടം സൃഷ്‌ടിച്ച നടനാണ് ടൊവിനോ തോമസ്. സിനിമയോടുള്ള അടങ്ങാത്ത പാഷൻ കൊണ്ട് നടനായ ടൊവിനോ ഈ കാലയളവ് കൊണ്ട് മലയാളത്തിലെ അറിയപ്പെടുന്ന ആർട്ടിസ്റ്റുകളിൽ ഒരാളാണ്. മലയാളത്തിൽ എന്ന പോലെ മറ്റു ഭാഷയിലും ടൊവിനോ തന്റേതായ ഒരു സാന്നിധ്യം നിലനിർത്തുന്നുണ്ട്. മിന്നൽ മുരളിയെന്ന ഒറ്റ സിനിമ കൊണ്ട് ലോകമെമ്പാടും അറിയപ്പെട്ട ഒരു നടൻ കൂടിയാണ് താരം.
2017ൽ ആഷിഖ് അബു സംവിധാനം ചെയ്ത മായനാദിയിലെ മാത്തൻ എന്ന കഥാപാത്രം ടൊവിനോ എന്ന നടനെ കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു. ചിത്രത്തിലെ ക്ലൈമാക്സിൽ ടൊവിനോയുടെ കഥാപാത്രത്തിനെ വെടിവെച്ച് വീഴ്‌ത്തുന്ന ഒരു സീനുണ്ട്. ആ സീനിനെക്കുറിച്ച് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമ കാണുമ്പോൾ താൻ മരിക്കുന്നത് അത്ര ഫീൽ ചെയ്തില്ലെന്നും എന്നാൽ അഭിനയിക്കുന്ന സമയത്ത് കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നും ടൊവിനോ പറഞ്ഞു.
‘സിനിമ കാണുമ്പോൾ എനിക്ക് അങ്ങനെ ഫീൽ ചെയ്തില്ല എന്നേയുള്ളൂ. അഭിനയിക്കുന്ന സമയത്ത് എനിക്കത് ഫീൽ ചെയ്തിരുന്നു. എന്റെ കഥാപാത്രവുമായിട്ട് ഞാൻ കുറച്ചു കൂടെ അടുത്തായിരിക്കുമല്ലോ. ബാക്കിയെല്ലാവരെക്കാളും ഞാനായിരിക്കുമല്ലോ ആ ക്യാരക്ടറുമായിട്ട് അടുപ്പം.
കൊല്ലേണ്ട പാവം എന്ന് മരിക്കാൻ വേണ്ടി പോകുന്ന സമയം എനിക്കൊരു വിഷമമുണ്ടായിരുന്നു. മരിച്ച് കഴിഞ്ഞപ്പോഴും ഷൂട്ട് കഴിയുമ്പോഴും ഒരു ശൂന്യത ഉണ്ടായിരുന്നു. കൊല്ലേണ്ടായിരുന്നു, അത് ആ കഥാപാത്രത്തിനോടുള്ള ഇഷ്ടം കൊണ്ടാണ്,’ ടൊവിനോ തോമസ് പറഞ്ഞു.
അതേസമയം, ടൊവിനോ പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Tovino thomas about Appu character in mayanadi movie