ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച് മലയാളത്തിലെ മുന്‍നിരയിലേക്ക് നടന്നുകയറിയ താരമാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷത്തിലരങ്ങേറിയ ടൊവിനോ വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. മാരി 2 എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ച ടൊവിനോ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചും സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ 50 സിനിമകള്‍ എന്ന നാഴികക്കല്ല് താണ്ടാനും ടൊവിനോക്ക് സാധിച്ചു.
നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്ന് വേഷത്തിലാണ് ടൊവിനോ എത്തുന്നത്. മൂന്ന് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫാന്റസി അഡ്വഞ്ചര്‍ ഴോണറില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ചിത്രത്തിന്റെ കഥ പറയുന്ന സമയത്ത് തന്നെ മൂന്ന് വേഷം ചെയ്യണമെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും താന്‍ അത് കേട്ട് അപ്‌സെറ്റായെന്നും ടൊവിനോ പറഞ്ഞു. രണ്ട് വേഷം വേറെ ആരെയെങ്കിലും വെച്ച് ചെയ്തൂടെ എന്ന് ചോദിച്ചപ്പോള്‍ സംവിധായകന്‍ സമ്മതിച്ചില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് തന്റെ മനസിലേക്ക് ആദ്യം വന്ന നടന്‍ കമല്‍ ഹാസനായിരുന്നെന്നും അദ്ദേഹത്തെ മനസില്‍ ധ്യാനിച്ചാണ് സിനിമ ചെയ്തതെന്നും ടൊവിനോ പറഞ്ഞു. ഷോ ഷാ ചാനലിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ജിതിനെ എനിക്ക് 2014 മുതല്‍ അറിയാം. ഈ സിനിമയുടെ കഥ ഏഴ് വര്‍ഷം മുന്നേ എന്നോട് പറഞ്ഞതാണ്. അന്നേരം തന്നെ മൂന്ന് മെയിന്‍ ക്യാരക്ടേഴ്‌സിനെക്കുറിച്ച് പറഞ്ഞിരുന്നു. ഒരെണ്ണം ഞാനാണെന്ന് മനസിലായി, ബാക്കി രണ്ടുപേര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ‘മൂന്നും നീ തന്നെ ചെയ്യണം’ എന്ന് ജിതിന്‍ പറഞ്ഞു. അത് കേട്ടിട്ട് എന്റെ കിളി പോയി. വേറെ ആരെയെങ്കിലും വെച്ച് ബാക്കി രണ്ട് റോള്‍ ചെയ്യിക്കുമോ എന്ന് ചോദിച്ചപ്പോള്‍ എന്നോട് തന്നെ ചെയ്യാന്‍ അവന്‍ പറഞ്ഞു.
എന്റെ മനസില്‍ ആ സമയത്ത് വന്ന നടന്‍ കമല്‍ ഹാസന്‍ സാറായിരുന്നു. ഈയൊരു കാര്യത്തില്‍ അദ്ദേഹമല്ലാതെ വേറൊരു നടനെ എക്‌സാമ്പിളാക്കാന്‍ പറ്റില്ല. കമല്‍ സാറിനെ മനസില്‍ ധ്യാനിച്ചാണ് ഓരോ കഥാപാത്രവും ചെയ്തത്. മൂന്ന് ക്യാരക്ടേഴ്‌സിനും വേറെ സ്റ്റൈല്‍ മേക്കപ്പ്, ഡയലോഗ് ഡെലിവറി എല്ലാം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പണിപാളുമെന്ന് ബോധ്യമുണ്ടായിരുന്നു,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas about Ajayante Randam Moshanam movie