| Friday, 6th September 2024, 12:13 pm

ആ തത്തയുടെ മരണം എനിക്ക് ആരോടും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് വില്ലനായും സഹനടനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു. അജയന്റെ രണ്ടാം മോഷണത്തിലൂടെ കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ റിലീസിന് തയാറെടുക്കുകയാണ് ടൊവിനോ.

ടൊവിനോയുടെ സിനിമകളെപ്പോലെ ആരാധകരുണ്ട് താരത്തിന്റെ സോഷ്യല്‍ മീഡിയയിലെ വീഡിയോകള്‍ക്ക്. ടൊവിനോയുടെ യാത്രകളുടെ വീഡിയോകളും വളര്‍ത്തുമൃഗങ്ങളോടൊപ്പമുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തത്തയോടൊപ്പമുള്ള ടൊവിയുടെ വീഡിയോ വൈറലായിരുന്നു. ആ തത്തയെ തന്റെ നെഞ്ചിലിട്ടാണ് വളര്‍ത്തിയതെന്നും മറ്റ് വളര്‍ത്തുമൃഗങ്ങളെക്കാളേറെ അടുപ്പം അതിനോടുണ്ടെന്നും ടൊവിനോ പറഞ്ഞു.

മാത്തന്‍ എന്നാണ് താന്‍ അതിന് പേരിട്ടതെന്നും അതിന്റെ മരണം തന്നെ വല്ലാതെ ഡൗണാക്കിയെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. അതിന്റെ മരണം ആരോടും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും നമുക്ക് അതിനോടുള്ള അടുപ്പം മറ്റുള്ളവര്‍ക്ക് മനസിലായേക്കില്ലെന്ന് വിചാരിച്ചുവെന്നും ടൊവിനോ പറഞ്ഞു. അതിന് ശേഷം രാത്രി കിടന്നുറങ്ങുമ്പോള്‍ കരയാന്‍ പറ്റാത്ത അവസ്ഥയിലായെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘കള എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് ആ തത്തയെ എനിക്ക് കിട്ടുന്നത്. ആ സമയത്ത് അതിന് പപ്പും പൂടയും വന്നിട്ടില്ലായിരുന്നു. രാത്രി കിടക്കാന്‍ നേരം നെഞ്ചിലിട്ടാണ് അതിനെ വളര്‍ത്തിയത്. സാദാ തത്തയല്ല, സണ്‍ കോന്യൂറാണ് അത്. അത്യവശ്യം ആരോഗ്യമൊക്കെ വന്നതിന് ശേഷവും ഞാനതിനെ കെയര്‍ ചെയ്യുമായിരുന്നു. മാത്തന്‍ എന്നാണ് ഞാനതിന് പേരിട്ടത്.

ഇടയ്ക്ക് അതിന്റെ കൂട്ടിലൊക്കെ കേറിയിരിക്കും, എന്റെ വായില്‍ നിന്ന് ഫുഡ് കൊത്തിയെടുത്ത് കഴിക്കുകയുമൊക്കെ ചെയ്യും. ഒരു ദിവസം കൂട്ടിലേക്ക് ചെന്ന് നോക്കിയപ്പോള്‍ അത് മരിച്ചു. എനിക്കാണെങ്കില്‍ അടുപ്പമുള്ളവരോട് അതിന്റെ മരണം പറയാന്‍ പറ്റാത്ത അവസ്ഥയായി. കാരണം, നമ്മുടെ വിഷമം കേള്‍ക്കുന്നവര്‍ക്ക് ആ ഫീല്‍ കിട്ടുമോ എന്നായിരുന്നു സംശയം. രാത്രിയൊക്കെ കിടക്കാന്‍ നേരത്ത് അതാലോചിച്ച് കരയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about affection towards his pets

We use cookies to give you the best possible experience. Learn more