നടനാകണമെന്ന ആഗ്രഹവും പേറി ഒരുപാട് സഞ്ചരിച്ചിട്ടുള്ള താരമാണ് ടൊവിനോ തോമസ്. അക്കാലത്ത് നിരവധി വിമര്‍ശനങ്ങളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ സിനിമയുടെ പിന്നാലെ നടന്ന കാലഘട്ടത്തെ കുറിച്ച് പറയുകയാണ് ടൊവിനോ.
സിനിമയില്‍ വരണമെന്ന ആഗ്രഹം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും അല്ലാതെ കലാപരമായ മറ്റ് കഴിവുകളൊന്നും ഇല്ലായിരുന്നെന്നും ടൊവിനോ പറഞ്ഞു. മക്കളുടെ ഇഷ്ടത്തിനൊത്ത് തുള്ളുന്നുവെന്ന് പറഞ്ഞ് പലരും തന്റെ അച്ഛനെ കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും അതേയാളുകള്‍ ഇപ്പോള്‍ ഫോട്ടോയെടുക്കാനായി തന്റെ വീടിന്റെ മുന്നില്‍ വരാറുണ്ടെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.
‘സിനിമയില്‍ വരണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കലാപരമായി എടുത്തുപറയ തക്ക കഴിവുകളൊന്നുമില്ല. ഒരുപാട് പേര്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന, അങ്ങനെ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത മേഖലയാണ് സിനിമ. അതുകൊണ്ടൊക്കെയാകാം, സിനിമയാണ് സ്വപ്നം എന്ന് പറഞ്ഞപ്പോള്‍ പലരും കളിയാക്കിയത്.
ജോലി രാജിവെച്ചപ്പോള്‍ മണ്ടത്തരമാണെന്ന് പറഞ്ഞു. മക്കളുടെ താളത്തിനൊത്ത് തുള്ളുന്നു എന്നൊക്കെ പറഞ്ഞ് അപ്പനെ കുറ്റം പറഞ്ഞവരുണ്ട്. പക്ഷേ, അതേ ആളുകളൊക്കെത്തന്നെ പിന്നീട് എന്റെ വീടിന്റെ മുന്നില്‍ ഫോട്ടോ എടുക്കാനൊക്കെ വന്നു നിന്നിട്ടുണ്ട്.
വെറും ആഗ്രഹത്തിന്റെ മാത്രം ബലത്തില്‍ ഒരാളൊരു തീരുമാനം എടുക്കുമ്പോള്‍ അതില്‍ അയാള്‍ വിജയിക്കും എന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായിരിക്കില്ല. കളിയാക്കലുകളുടെയും കുറ്റപ്പെടുത്തലുകളുടെയുമൊക്കെ കാരണം അതൊക്കെത്തന്നെയാവും,’ ടൊവിനോ പറഞ്ഞു.
അതേസമയം ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം, ജൂഡ് ആന്തണിയുടെ 2018 തുടങ്ങിയ സിനിമകളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ളത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് നീലവെളിച്ചത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, നരേന്‍ തുടങ്ങി വലിയ താരനിരയാണ് 2018ല്‍ അണിനിരക്കുന്നത്.
content highlight: tovino thmas talks about his life before cinema