സിനിമാ നിരൂപണമെന്ന വിഷയം വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. റിവ്യൂകൾക്കെതിരെ വിമർശനം ഉയർന്നു വരുമ്പോഴും സിനിമ മേഖലയിൽ പോലും വ്യത്യസ്ത അഭിപ്രായമാണ് ഇതിനെ കുറിച്ച് നിലനിൽക്കുന്നത്.
വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളും പറയുന്നത് ഒരാളുടെ മാത്രം കാര്യമാണെന്നും എന്നാൽ സത്യസന്ധമായി അഭിപ്രായം പറയുന്നവരോട് ഒരു വൈഗാര്യവും ഇല്ലെന്നും നടൻ ടൊവിനോ പറയുന്നു.
റിവ്യൂകളിലൂടെ വ്യക്തിഹത്യ നടത്തുന്നവർ സിനിമകളേക്കാൾ പ്രാധാന്യമുള്ള ഒരുപാട് കാര്യങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ടെന്ന് ഓർക്കണമെന്നും അതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും പുതിയ ചിത്രം ‘അദൃശ്യ ജാലകങ്ങ’ളുടെ വാർത്ത സമ്മേളനത്തിൽ താരം കൂട്ടിച്ചേർത്തു.
‘ഞാൻ എനിക്കു വേണ്ടിയല്ല സംസാരിക്കുന്നത്. വ്യക്തിഹത്യ കാരണം ഒരുപാട് വിഷമമുണ്ടായിട്ടുള്ള ആളുകളെ എനിക്കറിയാം. ആരും ക്രൈം ഒന്നുമല്ലല്ലോ ചെയ്യുന്നത്, സിനിമയിൽ അഭിനയിക്കുകയല്ലേ. അതിനെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യേണ്ടതില്ലല്ലോ. അതിനേക്കാൾ ചോദ്യം ചെയ്യപ്പെടേണ്ട പ്രാധാന്യമുള്ള ഒരുപാട് കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ എന്നും നടക്കുന്നുണ്ട്. ശരിക്കും അതിനാണ് സിനിമയേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. അങ്ങനെയുള്ള പ്രശ്നങ്ങൾക്കെതിരെയാണ് ആളുകൾ കുറച്ചുകൂടി ശബ്ദം ഉയർത്തേണ്ടത്.
ഒരാൾക്ക് അഭിപ്രായം പറയാൻ വ്യക്തിസ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് നമ്മൾ അത്തരത്തിലുള്ള കാര്യങ്ങൾക്ക് വേണ്ടിയാവണം കൂടുതൽ സംസാരിക്കേണ്ടത്. സിനിമകളേക്കാൾ പ്രാധാന്യമുള്ള കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നില്ലേ എന്ന് മാത്രം ആലോചിച്ചാൽ മതി.
പിന്നെയെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യങ്ങളാണ്. വ്യക്തിഹത്യ ചെയ്യാം ചെയ്യാതിരിക്കാം.അതവരുടെ സംസ്കാരമാണ്. എന്നാൽ സത്യസന്ധമായ അഭിപ്രായം പറയുന്നവരോട് ഒരു വൈരാഗ്യവുമില്ല. അവരോട് ഒരുപാട് സ്നേഹമാണ് ഉള്ളത്. അവർ അറിഞ്ഞോ അറിയാതെയോ നമ്മളുടെ ഉള്ളിലെ തീ കത്തിച്ചു തരുന്നുണ്ട്. നമ്മൾ മോശമായിട്ടുണ്ടെങ്കിൽ മോശമെന്നും നന്നായിട്ടുണ്ടെങ്കിൽ നന്നായെന്നും പറയുമ്പോഴും അത് കൂടുതൽ സഹായിക്കുന്നുണ്ട്.
മോശമെന്ന് പറഞ്ഞാൽ, അയാളെ കൊണ്ട് നല്ലത് പറയിപ്പിക്കാനായി സിനിമകൾ ചെയ്യാം. മോശമായിട്ടുള്ളത് അങ്ങനെ തന്നെ പറയണം. അല്ലെങ്കിൽ ഒരു നടൻ എന്ന നിലയിൽ എനിക്കൊരു ഇമ്പ്രൂവ്മെന്റ് ഉണ്ടാകില്ലല്ലോ.
അറിഞ്ഞോ അറിയാതെയോ അവർ എനിക്ക് സ്വയം മെച്ചപ്പെടുത്താൻ ഒരു അവസരം ഉണ്ടാക്കി തരുമ്പോൾ അതിൽ എനിക്ക് ഒരുപാട് നന്ദിയും സ്നേഹവും അവരോട് ഉണ്ട്,’ടൊവിനോ പറയുന്നു.
Content Highlight: Tovino Talk About Film Reviews