മലയാളത്തിലെ രണ്ട് റിയല്‍ സൂപ്പര്‍ ഹീറോകള്‍ക്കൊപ്പം, ഈ ഫോട്ടോ ഞാന്‍ ഫ്രെയിം ചെയ്ത് ലിവിംഗ് റൂമില്‍ തൂക്കും: ടൊവിനോ
Entertainment news
മലയാളത്തിലെ രണ്ട് റിയല്‍ സൂപ്പര്‍ ഹീറോകള്‍ക്കൊപ്പം, ഈ ഫോട്ടോ ഞാന്‍ ഫ്രെയിം ചെയ്ത് ലിവിംഗ് റൂമില്‍ തൂക്കും: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th December 2021, 10:44 am

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ടൊവിനോയുടെ ചിത്രം വൈറലാവുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ മീറ്റിംഗിനിടയിലാണ് മലയാളത്തില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെയും ഒപ്പം ടൊവിനോ ഫോട്ടോയെടുത്തത്.

‘ ഇതൊരു മില്ല്യണ്‍ ഡോളര്‍ മൊമെന്റാണ്. മലയാളത്തിലെ രണ്ട് റിയല്‍ സൂപ്പര്‍ ഹീറോസ്, മമ്മൂട്ടിയും ലാലേട്ടനും. ഈ ഫോട്ടോ ഞാന്‍ ഫ്രെയിം ചെയ്ത് ലിവിംഗ് റൂമില്‍ തൂക്കും,’ ഇരുവര്‍ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

കഴിഞ്ഞ ദിവസം അമ്മയുടെ പുതിയ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ടൊവിനോയും മത്സരിച്ചിരുന്നു. ഇത്തവണത്തെ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ടൊവിനോയുമുണ്ട്.

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്. 11 പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tovino-shares-viral-picture-with-mammootty-and-mohanlal-amma-general-body-meeting