പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും നിറഞ്ഞാടിയ ചിത്രം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്.
ലൂസിഫറില്‍ ടൊവിനോയും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായി ടൊവിനോയും കൈയടികള്‍ നേടിയിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകന് കീഴില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ പൃഥ്വിരാജിന് നല്ല കോണ്‍ഫിഡന്‍സ് ഉണ്ടെന്നും ലൂസിഫറില്‍ കണ്ടത് ടെസ്റ്റ് ഡോസായിരുന്നെന്നും ടൊവിനോ പറഞ്ഞു.
പൃഥ്വിരാജിന്റെ ക്ലാരിറ്റിയും കോണ്‍ഫിഡന്‍സും കണ്ട് പഠിക്കണമെന്ന് താന്‍ ഐഡന്റിറ്റിയുടെ സംവിധായകരോട് പറയാറുണ്ടായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. നൂറിലധികം സിനിമകള്‍ ചെയ്തിട്ടുള്ള, ടെക്‌നിക്കലി സിനിമയെക്കുറിച്ച് നല്ല അറിവുള്ളയാളാണ് പൃഥ്വിരാജെന്നും ടൊവിനോ പറഞ്ഞു. സീനിയറായിട്ടുള്ള സംവിധായകരുടെ കൂടെയും പുതിയ സംവിധായകരുടെ കൂടെയും വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് പൃഥ്വിക്കുണ്ടെന്നും അന്യഭാഷകളിലും സിനിമകള്‍ ചെയ്ത അനുഭവം ഉണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
അത്രയും എക്‌സ്പീരിയന്‍സുള്ള ഒരാള്‍ക്ക് മാത്രമേ എമ്പുരാന്‍ പോലെ ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കുള്ളൂവെന്നും ടൊവിനോ പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകന്‍ എമ്പുരാനില്‍ ചെയ്ത് വെച്ചിരിക്കുന്നത് കണ്ടാല്‍ അത്ഭുതപ്പെടുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഐഡന്റിറ്റിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ പൃഥ്വിയുടെ കോണ്‍ഫിഡന്‍സ് അപാരമാണ്. ലൂസിഫറില്‍ നമ്മള്‍ കണ്ടത് വെറും ടെസ്റ്റ് ഡോസായിരുന്നു. അതിനെക്കാള്‍ ഗംഭീര പരിപാടി എമ്പുരാനില്‍ ഉണ്ട്. ഓരോ സീനും എങ്ങനെ വേണമെന്നുള്ളതിന് നല്ല ക്ലാരിറ്റിയും കോണ്‍ഫിഡന്‍സും പൃഥ്വിക്ക് ഉണ്ട്. ഞാന്‍ ഐഡന്റിറ്റിയുടെ സെറ്റിലെത്തുമ്പോള്‍ അനസിനോടും അഖിലിനോടും പറയുന്നത് പൃഥ്വിയുടെ ക്ലാരിറ്റിയും കോണ്‍ഫിഡന്‍സും വേണമെന്നാണ്.
കാരണം, ഷോട്ട് എടുത്തത് ഓക്കെയാണെങ്കില്‍ ‘കട്ട്, ഷോട്ട് ഓക്കേ, ബ്രേക്ക്’ എന്ന് പൃഥ്വി പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. ആ സീന്‍ പിന്നെ നോക്കേണ്ട ആവശ്യമില്ല. നൂറിലധികം സിനിമകള്‍ ചെയ്ത എക്‌സ്പീരിയന്‍സ് പൃഥ്വിക്ക് ഉണ്ട്. അതില്‍ സീനിയറായിട്ടുളവരും പുതിയ സംവിധായകരും ഉണ്ട്. അവരുടെയക്കെ കൂടെ വര്‍ക്ക് ചെയ്ത അവരില്‍ നിന്ന് പഠിച്ചതും, പിന്നെ സിനിമയെക്കുറിച്ച് മുന്നേ അറിയാവുന്ന കാര്യങ്ങളും എല്ലാം പൃഥ്വിയെ സഹായിച്ചിട്ടുണ്ട്.
അതുപോലെ അന്യഭാഷയില്‍ പോയി അഭിനയിച്ച് അവിടത്തെ സ്‌റ്റൈല്‍ എങ്ങനെയാണെന്ന് കൃത്യമായി പഠിച്ചുവെച്ചിട്ടുണ്ട്. ഇതെല്ലാം എമ്പുരാനെ നന്നായി സഹായിച്ചിട്ടുണ്ട്. അത്രക്ക് എക്‌സ്പീരിയന്‍സുള്ള ഒരാള്‍ക്ക് മാത്രമേ എമ്പുരാന്‍ പോലെ ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കൂ. പൃഥ്വി എമ്പുരാനില്‍ ചെയ്ത് വെച്ചിരിക്കുന്നത് കണ്ടാല്‍ എന്തായാലും അത്ഭുതപ്പെടും,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino shares the shooting experience of Empuraan