| Friday, 2nd February 2024, 11:37 am

'ബാക്കിയുള്ള എല്ലാ കാര്യത്തിനും ഞാന്‍ അപ്പന്റെ ഉപദേശം കേള്‍ക്കും, പക്ഷേ ഈയൊരു കാര്യത്തില്‍ പുള്ളി എന്റെ ഉപദേശം കേട്ടു': ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. 2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച ടൊവിനോ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മിന്നല്‍ മുരളി എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ അറിയപ്പെട്ട ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. 1980-90 കാലഘട്ടത്തില്‍ നടക്കുന്ന സിനിമയില്‍ പൊലീസ് കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. താരത്തിന്റെ അച്ഛന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

അച്ഛനുമായുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഓഫ് ഡ്രീംസ് യൂട്യൂബ് ചാനലില്‍ നടത്തിയ ടോക്ക് ഷോയില്‍ താരം പങ്കുവെച്ചു. രണ്ട് ദിവസം മാത്രമായിരുന്നു അപ്പന്‍ ഷൂട്ടിനുണ്ടായിരുന്നത്. സ്വന്തമായി കാരാവന്‍ ഒക്കെ കൊണ്ടു വന്നിരുന്നു. ഷൂട്ട് കാണാന്‍ അമ്മയും കൂടെ വരുമായിരുന്നു. അപ്പന്‍ കോസ്റ്റിയൂമൊക്കെ ഇട്ട് മേക്കപ്പ് ചെയ്ത് വരുമ്പോ അമ്മ കളിയാക്കും. അതോടെ പുള്ളിയുടെ കോണ്‍ഫിഡന്‍സ് പോവും. ഞാന്‍ അതുകണ്ട് അമ്മയോട് പറയും, ഒന്ന് മിണ്ടാതിരിക്ക് അമ്മേ എന്ന്.

ഷൂട്ടിന്റെ ഇടയില്‍ അപ്പന്റെ സിസ്റ്റര്‍ മരിച്ചിരുന്നു. ഡയറക്ടറും ബാക്കി ഉള്ളവരും അപ്പനോട് പറഞ്ഞു, വേണമെങ്കില്‍ പോയിട്ടു വന്നോളൂ എന്ന്. പക്ഷേ നമ്മള്‍ കാരണം ഇവിടെ ഉള്ളവരുടെ പ്ലാന്‍ തെറ്റാന്‍ പാടില്ലല്ലോ എന്ന് പറഞ്ഞിട്ട് പുള്ളി ഷൂട്ട് തീരുന്നത് വരെ ലൊക്കേഷനില്‍ നിന്നു. നമ്മളൊക്കെ എത്ര പാടുപെട്ടിട്ടാ അഭിനയിക്കുന്നതെന്ന് ഇപ്പോ അപ്പന് മനസിലായി. ഇടയ്ക്ക് എന്നോട് വന്ന് സംശയം ചോദിക്കും, ഞാന്‍ പറഞ്ഞു കൊടുക്കും. ബാക്കി എല്ലാ കാര്യത്തിനും എന്നെ ഉപദേശിക്കുന്ന അപ്പനെ എനിക്ക് ഉപദേശിക്കാന്‍ പറ്റിയത് ഇപ്പോഴാണ്. അങ്ങനെ ചെയ്താല്‍ നന്നായിരിക്കും, ഈ സീനില്‍ അങ്ങനെ ചെയ്യുന്നത് ശരിയാവില്ല എന്നൊക്കെ,’ ടൊവിനോ പറഞ്ഞു.

ടൊവിനോക്ക് പുറമോ ബാബുരാജ്, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഹരിശ്രീ അശോകന്‍, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, ഷമ്മി തിലകന്‍ എന്നിവരും സിനിമയി
ലുണ്ട്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Tovino shares shooting experience with his father

We use cookies to give you the best possible experience. Learn more