Advertisement
Entertainment
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മലയാള അക്ഷരമാല എഴുതാന്‍ അറിയില്ല; കൂട്ടുകാരിയുടെ പേപ്പര്‍ നോക്കി കോപ്പിയടിച്ചു, അയാള്‍ ഇന്നെന്റെ ജീവിതസഖി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 09:27 am
Wednesday, 14th February 2024, 2:57 pm

മികച്ച സിനിമകളിലൂടെയും അഭിനയത്തിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് ടൊവിനോ. സിനിമയോടുള്ള ആഗ്രഹം കാരണം ജോലി രാജിവച്ച് സിനിമക്ക് വേണ്ടി ഇറങ്ങിത്തിരിച്ചയാളാണ് താരം. അന്ന കൂടെ സപ്പോര്‍ട്ട് ചെയ്ത നിന്നവരില്‍ ഒരാളാണ് ടൊവിനോയുടെ ഭാര്യ ലിഡിയ. പ്ലസ് ടു കാലം മുതലുള്ള പ്രണയമായിരുന്നു ഇരുവര്‍ക്കും. ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തില്‍ പ്ലസ് ടു കാലത്തെ പ്രണയ ഓര്‍മകള്‍ ടൊവിനോ പങ്കുവെച്ചു.

‘പ്ലസ് ടുവില്‍ സമയത്ത് തോന്നിയൊരു ഇഷ്ടമാണ് ഞങ്ങളെ അടുപ്പിക്കുന്നത്. അത്തരം സൗഹൃദങ്ങളില്‍ പലതും വളരുമ്പോള്‍ മറക്കാറുണ്ട്. എന്നാല്‍ ഒന്നിച്ചു ജീവിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം മലയാളം ടീച്ചര്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞു. ക്ലാസിലെ പലര്‍ക്കും അക്ഷരമാല അറിയില്ലായിരുന്നു. എനിക്കും എന്റെ കൂടെയുണ്ടായിരുന്ന ഷെറിന്‍, അരുണ്‍ എന്നിവര്‍ക്ക് എല്ലാ അക്ഷരവും അറിയില്ലായിരുന്നു. അടുത്ത ബെഞ്ചിലിരുന്ന ലിഡിയയോട് അവള്‍ എഴുതിയ ഷീറ്റ് ചോദിച്ചു. അവളത് സ്‌നേഹത്തോടെ തന്നു. ഞങ്ങളുടെ അടുപ്പത്തിന്റെ തുടക്കം അതായിരുന്നു.

കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ കല്യാണത്തിനെക്കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഞാന്‍ പിന്നീട് നടനായത് ലിഡിയയെ ബാധിച്ചതായി തോന്നിയിട്ടില്ല. ഷൂട്ടിന്റെ സമയത്ത് കഴിവതും ഞാന്‍ ഫോണ്‍ വിളിക്കാറില്ല. ചാറ്റ് ചെയ്യാറാണ് പതിവ്. സമയം കിട്ടുമ്പോള്‍ മാത്രമേ വിളിക്കാറുള്ളൂ. തിരക്കുകള്‍ വേഗം തീര്‍ത്ത് കഴിവതും ഞാന്‍ വീട്ടിലേക്ക് ഓടിയെത്തും. അതാകും ഞങ്ങള്‍ തമ്മിലുള്ള പ്രണയം നിലനിര്‍ത്തുന്ന മാജിക്’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino share memories of love with his wife