പ്രഭുവിന്റെ മക്കള്‍ എന്ന മലയാള സിനിമയില്‍ ചെറിയ വേഷത്തിലൂടെ അഭിനയജീവിതം ആരംഭിച്ച് മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ നടനാണ് ടൊവിനോ. തല്ലുമാല, 2018, മിന്നല്‍ മുരളി തുടങ്ങിയ കമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യുന്നതിനോടൊപ്പം അദൃശ്യ ജാലകങ്ങള്‍, വഴക്ക്, കള തുടങ്ങിയ പരീക്ഷണചിത്രങ്ങളുടെ ഭാഗമാവുന്നത് മറ്റ് യുവനടന്മാരില്‍ നിന്ന് ടൊവിനോയെ വ്യത്യസ്തനാക്കുന്നു. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ആണ് ടൊവിനോയുടെ പുതിയ ചിത്രം.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് താരം മനസുതുറന്നു. ഒരേസമയം എങ്ങനെയാണ് കമേഴ്‌സ്യല്‍ സിനിമകളുടെയും പരീക്ഷണസിനിമകളുടെയും ഭാഗമാകുന്നതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘വേറാര്‍ക്കും വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നതെന്ന് ഞാന്‍ ഉറപ്പിച്ചു. എനിക്ക് സന്തോഷം തരുന്ന സിനിമകള്‍, അത് ബാക്കിയുള്ളവര്‍ക്കും സന്തോഷം തരും എന്ന് ഞാന്‍ വിചാരിക്കുന്നു. എനിക്ക് കുറേതരം സിനിമകള്‍ ചെയ്യണമെന്നും, അണ്‍പ്രൊഡിക്റ്റബിള്‍ ആവണം എന്റെ സിനിമകളുടെയും ക്യാരക്ടറുകളുടെ സ്വഭാവമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചിട്ടുള്ളത്. അത് നന്നാവുകയും കൂടെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
ഇപ്പോള്‍ എന്നെ ആരും ഫോഴ്‌സ് ചെയ്ത് സിനിമ ചെയ്യിക്കാന്‍ പറ്റില്ല. എത്ര വലിയ സിനിമയാണെങ്കിലും, എത്ര ചെറിയ സിനിമയാണെങ്കിലും എന്റെ തീരുമാനമാണ് അത് ചെയ്യണോ എന്നുള്ളത്. അതിന്റെ കമേഴ്‌സ്യല്‍ ആസ്‌പെക്ട്‌സിനെപ്പറ്റിയും ക്രിട്ടിക്കല്‍ അക്ലൈമിനെപ്പറ്റിയും ഞാന്‍ ചിന്തിക്കില്ലായിരിക്കും. കഥ കേള്‍ക്കുന്ന സമയത്ത് തോന്നുന്ന വികാരത്തിലാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്. സിനിമ കാണാനിരിക്കുന്നത് പോലയാണ് ഞാന്‍ നരേഷന്‍ കേള്‍ക്കാന്‍ ഇരിക്കുന്നത്. അത് എനിക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍, ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തോന്നിയാല്‍ ഞാന്‍ ആ സിനിമ ചെയ്യും. സക്‌സസ് എന്നു പറയുന്നത് എന്റെ സന്തോഷമാണ്. എനിക്ക് കുറേ ഫെയിം ഉണ്ട്, കുറേ പൈസ ഉണ്ട് എന്നൊക്കെയാണെങ്കിലും സന്തോഷം ഇല്ലെങ്കില്‍ ഞാന്‍ സക്‌സസ് അല്ലാ എന്നല്ലേ അര്‍ത്ഥം.
ഇപ്പോള്‍ ചെയ്യുന്ന സിനിമകളില്‍ ഞാന്‍ ഹാപ്പിയാണ്. അതുകൊണ്ടുതന്നെ ഞാന്‍ വളരെ സക്‌സസ്ഫുള്ളാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റിയ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ ചെയ്യുന്ന സിനിമക്ക് കമേഴ്‌സ്യല്‍ സക്‌സസ് എന്നു പറയുന്നത് നല്ല സന്തോഷം തരുന്ന കാര്യമാണ്. അതുപോലെ സന്തോഷം തരുന്ന കാര്യമാണ് നമ്മള്‍ ചെയ്യുന്ന സിനിമക്ക് ക്രിട്ടിക്കല്‍ അക്ലെയിം കിട്ടുക എന്നുള്ളത്. ഞാന്‍ ഇത് രണ്ടും ആസ്വദിക്കുന്ന ആളാണ്. രണ്ടും ഒരുപോലെ കൊണ്ടുപോവുന്നത് എന്നെ സ്വയം ഇംപ്രൂവ് ചെയ്യാന്‍ സഹായിക്കുന്നു. നന്നായി പഠിക്കുന്നതിന്റെ കൂടെ ട്യൂഷന് പോവുന്ന പോലെയാണെന്ന് വിചാരിക്കാം’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino says that he is happy with his script selection