അവരാണ് നമ്മുടെ ഭാഗ്യം; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ തന്നെയാണ് ഇവിടുത്തെ ഏറ്റവും നല്ല നടന്മാര്‍: ടൊവിനോ തോമസ്
Entertainment
അവരാണ് നമ്മുടെ ഭാഗ്യം; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ തന്നെയാണ് ഇവിടുത്തെ ഏറ്റവും നല്ല നടന്മാര്‍: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th April 2024, 9:42 pm

മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ് മാതൃക ആക്കേണ്ടതെന്ന് നടന്‍ ടൊവിനോ തോമസ്. മലയാളത്തിലെ സ്റ്റാറുകള്‍ തന്നെയാണ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും നല്ല ആക്ടേഴ്സ് എന്നതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ഭാഗ്യമെന്നും താരം പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം. പലരുടെയും കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

തനിക്ക് മുമ്പ് സിനിമയില്‍ വന്നവരില്‍ നിന്നും ശേഷം വന്നവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നു. ഇത് താന്‍ ഉണ്ടാക്കിയെടുത്ത തിയറിയല്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും തെളിയിച്ച കാര്യമാണ് ഇതെന്നും ടൊവിനോ പറഞ്ഞു.

‘പല ഫിലിം മേക്കേഴ്സിന്റെയും കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഫിലിം മേക്കേഴ്സ് മാത്രമല്ല ഒരുപാട് ടെക്നീഷ്യന്‍സുമുണ്ട്. കൂടെ ജോലി ചെയ്യുന്ന സീനിയറും ജൂനിയറും ആയ ആളുകളുമുണ്ട്.

നമുക്ക് മുമ്പ് വന്നവരില്‍ നിന്നും ശേഷം വന്നവരില്‍ നിന്നും നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഒരേ സെറ്റപ്പില്‍ അല്ലാതെ പല സെറ്റപ്പില്‍ വര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ മാത്രമാണ് നമ്മള്‍ കുറച്ച് കൂടെ ഇമ്പ്രൂവ് ആകുകയുള്ളൂ. ഇതും ഞാനായിട്ട് ഉണ്ടാക്കിയെടുത്ത തിയറിയല്ല.

നമ്മുടെ സീനിയേഴ്സായ ഈ രണ്ടുപേര്‍ തെളിയിച്ച കാര്യമാണ്. നമ്മളുടെ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ സ്റ്റാറുകള്‍ തന്നെയാണ് നമ്മുടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും നല്ല ആക്ടേഴ്സ് എന്നുള്ളതാണ്. അവരെ തന്നെയാണ് നമ്മള്‍ മാതൃക ആക്കേണ്ടത്,’ ടോവിനോ തോമസ് പറഞ്ഞു.

തനിക്ക് തന്റെ സിനിമകളില്‍ വ്യത്യസ്തമായ ഴോണറുകള്‍ വേണമെന്ന് തോന്നാന്‍ കാരണമായത് മമ്മൂട്ടിയും മോഹന്‍ലാലും കാരണമാണെന്നും ടൊവിനോ അഭിമുഖത്തില്‍ പറയുന്നു. കൊമേഷ്യലായതും അക്കാദമിക് സര്‍ക്കിളില്‍ വരുന്നതുമായ സിനിമകളില്‍ അഭിനയിക്കണമെന്ന ചിന്ത തനിക്ക് വരുന്നത് ഇരുവരെയും കണ്ടിട്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സിനിമകളില്‍ വ്യത്യസ്തമായ ഴോണറുകള്‍ വേണമെന്നും കൊമേഷ്യലായതും അക്കാദമിക് സര്‍ക്കിളില്‍ വരുന്നതുമായ സിനിമ ചെയ്യണമെന്ന ചിന്ത എനിക്ക് വരുന്നതും മമ്മൂക്കയെയും ലാലേട്ടനെയും കണ്ടാണ്. സദയവും ദേവാസുരവും ചെയ്തത് ഒരാള്‍ തന്നെയല്ലേ. പൊന്തന്‍മാടയും ധ്രുവവും ചെയ്തതും ഒരാളല്ലേ. അവര്‍ കൃത്യമായി ആ സിനിമകള്‍ ചെയ്തിട്ടുണ്ട്. അവരെ നേരെ പകര്‍ത്തി കൊണ്ടിരിക്കുകയാണ് ഞാന്‍,’ ടോവിനോ തോമസ് പറഞ്ഞു.


Content Highlight: Tovino Says Superstars Is The Luck Of Malayalam Cinema