| Monday, 21st February 2022, 10:27 am

'അമ്മ'യെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം; നടി ആക്രമിക്കപ്പെട്ട കേസില്‍ ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ തോമസ്. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ പ്രതികരണം. സംവിധായകന്‍ ആഷിക് അബുവും ടൊവിനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

‘അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് വലിയ കാര്യമാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യും. ഞാന്‍ എന്റെ അഭിപ്രായം പറയും. അതില്‍ നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. എനിക്കറിയാത്ത വശങ്ങളുണ്ടാവും. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അവിടെ പറയാം.

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം,’ ടൊവിനോ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കാലതാമസം നേരിടുന്നുവെന്നാണ് ആഷിക് അബു പറഞ്ഞത്. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അന്തിമമായി നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഷിക് അബു പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഹരജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരല്‍ അപേക്ഷ നല്‍കും.

നാരദനാണ് ഇനി ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.


Content Highlight: tovino says It is better to question the court than to question amma 

We use cookies to give you the best possible experience. Learn more