അവരോട് പറഞ്ഞിട്ട് കേട്ടില്ല, അതുകൊണ്ട് കഴിഞ്ഞ കുറെ നാളുകളായി ആ വീഡിയോക്ക് താഴെ അപഹാസ്യനാവുകയാണ്: ടൊവിനോ തോമസ്
Film News
അവരോട് പറഞ്ഞിട്ട് കേട്ടില്ല, അതുകൊണ്ട് കഴിഞ്ഞ കുറെ നാളുകളായി ആ വീഡിയോക്ക് താഴെ അപഹാസ്യനാവുകയാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th June 2022, 9:06 pm

തന്റെ അധ്വാനം കൊണ്ട് മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. ഫൈറ്റും റൊമാന്‍സും മാസും കോമഡിയുമൊക്കെ അനായാസം വഴങ്ങുന്ന ടൊവിനോ ബുദ്ധിമുട്ടിയിരുന്നത് ഡാന്‍സ് കളിക്കാനായിരുന്നു. എന്നാല്‍ അടുത്തിടെ തല്ലുമാല എന്ന ചിത്രത്തിലെ കണ്ണില്‍ പെട്ടോളെ എന്ന് ഗാനത്തിലെ കിടിലന്‍ ഡാന്‍സ് നമ്പറുമായി ടൊവിനോ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ഡാന്‍സ് കളിക്കാന്‍ പറ്റാത്തത് ഒരു കുറവായി താന്‍ കാണാറില്ലെന്നും സിനിമയോടുള്ള ആഗ്രഹം കൊണ്ട് ഡാന്‍സ് ചെയ്തുപോകുന്നതുമാണെന്ന് പറയുകയാണ് ടൊവിനോ. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ഡാന്‍സാണെങ്കിലും ഫൈറ്റ് ആണെങ്കിലും ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നതാണെങ്കിലും ബുദ്ധിമുട്ടുള്ള ആളായിരുന്നു ഞാന്‍. സിനിമയോടുള്ള ഒടുങ്ങാത്ത ആഗ്രഹം കൊണ്ട് ചെയ്തുപോകുന്നതാണ് ഡാന്‍സും. തല്ലുമാല എന്ന സിനിമക്ക് ഡാന്‍സ് വളരെ ആവശ്യമായിരുന്നു. ചുമ്മാ ഒരു ഡാന്‍സ് നമ്പറിന് വേണ്ടി ആഡ് ചെയ്തതല്ല അത്. ആ സിനിമക്ക് ആവശ്യമാണത് എന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് ഞാനങ്ങനൊരു സാഹസത്തിന് മുതിര്‍ന്നത്.

ഞാന്‍ വളരെയധികം വിശ്വസിക്കുന്ന സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്ത് മുഹ്‌സിന്‍ പെരാരി, മ്യൂസിക് ഡയറക്ടര്‍ വിഷ്ണു വിജയ് ഇവരൊക്കെയാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. കൊണ്ടുവന്ന കോസ്റ്റിയൂം ഒക്കെ കണ്ടാല്‍ ഒന്ന് ഡാന്‍സ് കളിക്കാന്‍ തോന്നും,’ ടൊവിനോ പറഞ്ഞു.

നാല് വര്‍ഷം മുമ്പ് അമ്മ സംഘടനയുടെ ഷോയ്ക്ക് വേണ്ടി ഡാന്‍സ് കളിച്ചപ്പോഴുണ്ടായ അനുഭവവും ടൊവിനോ പറഞ്ഞു.

‘സ്‌റ്റേജില്‍ കയറി ഡാന്‍സ് കളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണെന്ന് ഞാന്‍ പരമാവധി പറഞ്ഞതാണ്. പറഞ്ഞിട്ട് കേട്ടില്ല, അതുകൊണ്ട് ആ വീഡിയോക്ക് താഴെ കഴിഞ്ഞ കുറെ നാളുകളായി അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ്. എന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡാന്‍സ് കളിപ്പിച്ചവര്‍ക്ക് വലിയ സന്തോഷമായിക്കാണും.

ഇതൊന്നും മാറ്റിയെടുക്കണമെന്ന് തോന്നിയിട്ടില്ല. എനിക്ക് ഇത് അറിയാം എന്ന് അഹങ്കാരത്തോടെ പറഞ്ഞിട്ട് മോശമായി പോയാലല്ലേ കുഴപ്പമുള്ളൂ. ഡാന്‍സ് കളിക്കാന്‍ പറ്റാത്തത് ഒരു വലിയ കുറവായിട്ട് എനിക്ക് തോന്നിയിട്ടില്ല. ആവശ്യമുള്ള സമയത്ത് പരിമിതികളെ മാറ്റിവെക്കണമെങ്കില്‍ ഞാന്‍ അത് ചെയ്യാറുണ്ട്. ഡാന്‍സില്‍ മാത്രമല്ല, മുമ്പും പല കാര്യങ്ങളിലും അത് ചെയ്തിട്ടുണ്ട്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Content Highlight: Tovino says he does not see the inability to play dance as a downside