| Thursday, 9th May 2024, 9:30 am

മലയാളം ഇന്‍ഡസ്ട്രി വളരാന്‍ കെ.ജി.എഫോ ബാഹുബലിയോ റീക്രിയേറ്റ് ചെയ്യുകയല്ല വേണ്ടത്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രി കേരളത്തിന് പുറത്തേക്ക് വളരാന്‍ കെ.ജി.എഫ്, ബാഹുബലി പോലുള്ള സിനിമകള്‍ റീ ക്രിയേറ്റ് ചെയ്യുകയല്ല വേണ്ടതെന്ന് ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കേരളത്തിന് പുറത്ത് മലയാള സിനിമക്ക് വലിയൊരു ഓഡിയന്‍സുണ്ടെന്നും നല്ല കണ്ടന്റും മേക്കിങ്ങുമുള്ള സിനിമകള്‍ സംസാരിക്കപ്പെടുമെന്നും താരം പറഞ്ഞു.

മിന്നല്‍ മുരളി സിനിമയുടെ പ്രൊമോഷന് വേണ്ടി മുംബൈയിലൊക്കെ പോയപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ലൊക്കേഷനില്‍ പോയപ്പോള്‍ സൗബിനോട് ഈ സിനിമ തെലുങ്കിലും തമിഴിലും പ്രൊമോഷന്‍ ചെയ്ത് ഇറക്കണമെന്നും ചെറിയ സിനിമയാക്കി കാണരുതെന്ന് പറയുകയും ചെയ്‌തെന്ന് ടൊവിനോ പറഞ്ഞു.

‘മിന്നല്‍ മുരളിയുടെ പ്രൊമോഷന് വേണ്ടി പുറത്തേക്കൊക്കെ പോയപ്പോഴാണ് കേരളത്തിന് പുറത്ത് മലയാളസിനിമക്ക് വലിയ ഡിമാന്‍ഡുണ്ടെന്ന് മനസിലായത്. അതിന് നമുക്ക് വേണ്ടത് പ്രോപ്പറായിട്ടുള്ള ഡിസ്ട്രിബ്യൂഷനാണ്. നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്ത് ഇറക്കിയാല്‍ നമ്മുടെ സിനിമകള്‍ കേരളത്തിന് പുറത്ത് ഡിസ്‌കസ് ചെയ്യുമെന്ന് ഉറപ്പാണ്.

കെ.ജി.എഫോ ബാഹുബലിയോ റീക്രിയേറ്റ് ചെയ്ത് ഇറക്കുകയല്ല വേണ്ടത്. ഈ വര്‍ഷം ഇറങ്ങിയ സിനിമകളൊക്കെ നോക്കൂ, നല്ല കണ്ടന്റും മികച്ച ടെക്‌നിക്കല്‍ സൈഡും ഉള്ള സിനിമകളാണ് ഹിറ്റായത്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം ഒക്കെ അങ്ങനെയുള്ള സിനിമകളാണ്.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സെറ്റില്‍ ഞാന്‍ പോയപ്പോള്‍ ഇത് മലയാളത്തില്‍ മാത്രം ഒതുങ്ങേണ്ട സിനിമയായി എനിക്ക് തോന്നിയില്ല, അതുകൊണ്ടാണ് ഇത് കേരളത്തിന് പുറത്തും എത്തിക്കണമെന്ന് സൗബിനോട് പറഞ്ഞത്. അതില്‍ വര്‍ക്ക് ചെയ്തവരെല്ലാം എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. അവരുടെ വളര്‍ച്ചയില്‍ എനിക്ക് സന്തോഷമാണുള്ളത്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino saying that Malayalam industry do not recreate movies like KGF and Bahubali

We use cookies to give you the best possible experience. Learn more