| Saturday, 21st September 2024, 9:13 pm

ആ സിനിമ ചെയ്യുന്ന സമയത്ത് ആടുജീവിതത്തില്‍ അഭിനയിക്കാന്‍ ഞാനൊരു ശ്രമം നടത്തിയിരുന്നു: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ടൊവിനോ തോമസ്. പിന്നീട് എ.ബി.സി.ഡി, സെവന്‍ത്ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് തെളിയിച്ചു.

മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട ടൊവിനോ തല്ലുമാല, 2018 എന്നീ ചിത്രങ്ങളിലൂടെ സ്റ്റാര്‍ഡം ഊട്ടിയുറപ്പിച്ചു. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന എ.ആര്‍.എമ്മില്‍ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ടൊവിനോ കാഴ്ചവെച്ചത്. ഈ വര്‍ഷം ഏറ്റവുമധികം പ്രശംസ ലഭിച്ച ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തനിക്ക് ആ ചിത്രം ചെയ്യാന്‍ തോന്നിയെന്നും മേക്കപ്പ് മാന്‍ രഞ്ജിത് അമ്പാടി വഴി ബ്ലെസിയുടെ ഉള്ളില്‍ തന്റെ പേര് കൂടി കൊണ്ടുവരാന്‍ ശ്രമിച്ചെന്നും ടൊവിനോ പറഞ്ഞു. താന്‍ ആ സമയത്ത് കൂതറ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും അതുവഴിയാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് പൃഥ്വിരാജ് ആ സിനിമയില്‍ അഭിനയിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലായിരുന്നെന്നും വിക്രം ആ പ്രൊജക്ടില്‍ നിന്ന് പിന്മാറിയത് അറിഞ്ഞിരുന്നെന്നും ടൊവിനോ പറഞ്ഞു. കഥാപാത്രത്തിന്റെ പെര്‍ഫെക്ഷന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത സമയമായിരുന്നു അതെന്നും ഇപ്പോഴും അതേ ചിന്തയാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ ആടുജീവിതം ചെയ്യാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എങ്ങനെയെങ്കിലും അത് ചെയ്യണമെന്നായിരുന്നു ആഗ്രഹം. മേക്കപ്പ് മാന്‍ രഞ്ജിത് അമ്പാടി വഴി എന്റെ പേര് ബ്ലെസി സാറിന്റെ ചിന്തയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. 2014ലാണ് ഈ സംഭവം നടക്കുന്നത്.

ആ സമയത്ത് ഞാന്‍ ചെയ്ത കൂതറ എന്ന സിനിമയിലൂടെയാണ് രഞ്ജിത് ചേട്ടനെ പരിചയപ്പെടുന്നത്. ചിയാന്‍ വിക്രം ചെയ്യാനിരുന്ന സിനിമയാണതെന്നും അദ്ദേഹം അതില്‍ നിന്ന് പിന്മാറിയെന്നും ആ സമയത്ത് കേട്ടിരുന്നു. രാജുവേട്ടന്‍ ആ സിനിമ ചെയ്യുമേ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ഒരു ഉറപ്പില്ലായിരുന്നു.

അങ്ങനെയുള്ളപ്പോള്‍ അത് എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് കഥാപാത്രത്തിന്റെ പെര്‍ഫക്ഷന് വേണ്ടി എന്തും ചെയ്യാന്‍ തയാറായിരുന്നു. ഇപ്പോഴും അതേ ചിന്താഗതിയാണ് എനിക്കുള്ളത്. എത്ര എഫര്‍ട്ട് ഇട്ടിട്ടായാലും ആ കഥാപാത്രം പെര്‍ഫക്ട് ആകണമെന്ന് തന്നെയാണ് ആഗ്രഹം,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino saying that he wished to do Aadujeevitham

We use cookies to give you the best possible experience. Learn more