| Sunday, 28th April 2024, 9:13 pm

സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ ഡെഫിനിഷന്‍ എന്താണെന്ന് എനിക്കറിയില്ല, കോടി ക്ലബ്ബുകള്‍ എന്നെ ബാധിക്കുന്ന കാര്യവുമല്ല: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍സ്റ്റാര്‍ എന്ന വിളി കേള്‍ക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ ആ വിളി തന്നെ പേടിപ്പെടുത്തുന്ന ഒന്നാണെന്നും നടികറിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ടൊവിനോ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെക്കുറിച്ച് താരം തന്റെ നിലപാട് വ്യക്തമാക്കി.
നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവി ഇക്കാര്യം പറഞ്ഞത്.

സൂപ്പര്‍സ്റ്റാറാകാനുള്ള മാനദണ്ഡം എന്തൊക്കെയാണെന്ന് തനിക്കറിയില്ലെന്നും, കോടി ക്ലബ്ബിനെക്കുറിച്ച് താന്‍ അധികം ചിന്തിക്കാറില്ലെന്നും ടൊവിനോ പറഞ്ഞു. തന്നെ സംബന്ധിച്ച് നല്ല സിനിമകള്‍ ചെയ്യുക, താനും ആ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നവരും ഹാപ്പിയാവുക, ആ സിനിമ കണ്ട് പ്രേകഷകര്‍ ഹാപ്പിയാവുക എന്നീ കാര്യങ്ങള്‍ മാത്രമേ ശ്രദ്ധിക്കാറുള്ളൂവെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആ പറഞ്ഞതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍, സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ ഡെഫനിഷന്‍ എന്താണെന്ന് എനിക്കറിയില്ല. എന്തൊക്കെ ചെയ്താലാണ് സൂപ്പര്‍സ്റ്റാറാവുക എന്നും എനിക്ക് അറിയില്ല. അങ്ങനെയൊരു വിളിക്ക് ഞാന്‍ അര്‍ഹനാണെന്ന് തത്കാലം ഞാന്‍ കരുതുന്നില്ല. അതു മാത്രമല്ല, ഒരു ആക്ടര്‍ എന്ന നിലയില്‍ ആ വിളി ചില സമയം ബാധ്യതയായേക്കാം.

പലതരം സിനിമകള്‍ എനിക്ക് ചെയ്തുപോകണം. ഒരു പ്രത്യേക രീതിയിലുള്ള സിനിമകള്‍മാത്രം ചെയ്യുക, അല്ലെങ്കില്‍ ഇത്ര കോടി ക്ലബ്ബില്‍ കയറുന്ന സിനിമ, അങ്ങനെയുള്ള പരിപാടിയൊന്നും എനിക്ക് അറിയില്ല. അതെന്റെ മേഖലയുമല്ല. എന്റെ മേഖല എന്താണെന്ന് വെച്ചാല്‍, ചെയ്യുന്ന സിനിമകളില്‍ ഞാന്‍ ഹാപ്പിയായിരിക്കണം, കൂടെയുള്ളവരും ഹാപ്പിയായിരിക്കണം, ആ സിനിമ കാണുന്ന പ്രേക്ഷകരും ഹാപ്പിയായിരിക്കണം. അതിനപ്പുറത്തേക്കുള്ള കാര്യങ്ങളില്ല എന്റെ ശ്രദ്ധ,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino saying that he is not bothering on super stardom

We use cookies to give you the best possible experience. Learn more