| Tuesday, 7th November 2023, 3:28 pm

ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ തുകയുമായി നടികര്‍ തിലകത്തിന്റെ ഓഡിയോ റൈറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടനടനായ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികർ തിലകം’. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ. നവീനും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ് വൻ തുകയ്ക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ഓഡിയോ റൈറ്റ് വിറ്റുപോയിരിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ്. നായർ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

വിവിധ ലൊക്കേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബജറ്റ് നാൽപത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ്, കൊച്ചി, ദുബായ്, കാശ്മീർ എന്നിവിടങ്ങളിലായിട്ടാണ് നടികർ തിലകത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുന്നത്.

‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് നടികര്‍ തിലക ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർക്കൊപ്പം ഭാവനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ്. സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍. ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് – മേരകി വി.എഫ്.എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി.ആർ – അനൂപ് സുന്ദരൻ, പി. ആർ.ഓ – ശബരി.

Content Highlight: Tovino’s Nadikar thilakam Film Acquired the Audio Rights for a Record Amount

We use cookies to give you the best possible experience. Learn more