ഡയലോഗില്ലാത്തവര്‍ക്ക് എന്തിനാ സ്‌ക്രിപ്റ്റ് കൊടുത്തത്?: എ.ആര്‍.എം ലൊക്കേഷനില്‍ സംവിധായകനെ ട്രോളി ടൊവിനോ
Entertainment
ഡയലോഗില്ലാത്തവര്‍ക്ക് എന്തിനാ സ്‌ക്രിപ്റ്റ് കൊടുത്തത്?: എ.ആര്‍.എം ലൊക്കേഷനില്‍ സംവിധായകനെ ട്രോളി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th September 2024, 9:19 pm

ഓണം റിലീസുകള്‍ക്കിടയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് വേഷത്തിലാണ് ടൊവിനോ അവതരിച്ചത്. ഫാന്റസിയും മിത്തും ഇടകലര്‍ത്തി കഥപറഞ്ഞ ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ടൊവിനോ കാഴ്ചവെച്ചത്.

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത രസകരമായ വീഡിയോ ടൊവിനോ പങ്കുവെച്ചിരിക്കുകയാണ്. സംവിധായകന്‍ ജിതിന്‍ ലാല്‍ അഭിനയിച്ച സീനിന്റെ പിന്നാമ്പുറ കാഴ്ചയാണ് ടൊവിനോ പങ്കുവെച്ചത്. ചിത്രത്തിലെ പീരിയോഡിക് പോര്‍ഷനിലെ മാനവര്‍മ ഇളയ തമ്പുരാന്‍ എന്ന കഥാപാത്രത്തെയാണ് ജിതിന്‍ അവതരിപ്പിച്ചത്. ഷോട്ടിന്റ ബ്രേക്കില്‍ ഇരുന്ന് ഡയലോഗ് വായിക്കുന്ന ജിതിനെയാണ് ടൊവിനോ ട്രോളുന്നത്. ചിത്രത്തില്‍ ഡയലോഗുകളൊന്നുമില്ലാത്ത കഥാപാത്രമാണ് ജിതിന്റേത്.

‘ഡയലോഗൊന്നുമില്ലാത്ത ആര്‍ട്ടിസ്റ്റിന് എന്തിനാണ് സ്‌ക്രിപ്റ്റ് കൊടുത്തത്’ എന്ന് ടൊവിനോ തമാശരൂപത്തില്‍ ചോദിക്കുന്നുണ്ട്. ‘ക്യാരക്ടറിന്റെ ഇമോഷന്‍ മനസിലാക്കാന്‍ വേണ്ടിയാണ്’ എന്ന് ചിരിച്ചുകൊണ്ട് ജിതിന്‍ മറുപടി പറയുന്നുണ്ട്. ജിതിന്റെ കഥാപാത്രത്തിന്റെ പേരാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചത്. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ വീഡിയോക്ക് താഴെ കമന്റുമായി വന്നിട്ടുണ്ട്.

അതേസമയം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ എ.ആര്‍.എം അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടി. ഈ വര്‍ഷം 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ഒമ്പതാമത്തെ ചിത്രമാണ് എ.ആര്‍.എം. സോളോ ഹീറോയായി ടൊവിനോയുടെ ആദ്യത്തെ 50 കോടി ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയ 2018ലും ടൊവിനോയുടെ സാന്നിധ്യമുണ്ടായിരുന്നു.

ടൊവിനോക്ക് പുറമെ ജഗദീഷ്, ബേസില്‍ ജോസഫ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ഹരീഷ് ഉത്തമന്‍, നിസ്താര്‍ സേട്ട് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. സുജിത് നമ്പ്യാറാണ് എ.ആര്‍.എമ്മിന്റെ തിരക്കഥ ഒരുക്കിയത്. ദിബു നൈനാന്‍ തോമസ് ഒരുക്കിയ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്.

Content Highlight: Tovino’s instagram post about Jithin Lal going viral