വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ സിനിമയില്‍ ഒരു ഇടം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. സിനിമാ പാരമ്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ ഒരുപാട് റിസ്‌ക് എടുത്താണ് താരം ഇന്‍ഡസ്ട്രിയിലേക്ക് കടന്നു വരുന്നത്. സിനിമാ പരിശ്രമങ്ങള്‍ക്കിടയില്‍ വീട്ടില്‍ നിന്ന് തന്നെ ടൊവിനോ നേരിട്ട തടസങ്ങളെ പറ്റി പറയുകയാണ് അദ്ദേഹത്തിന്റെ അച്ഛന്‍ തോമസ്.
‘സിനിമ എന്ന് പറയുമ്പോള്‍ ഒരു ഉത്കണ്ഠ ഉണ്ടായിരുന്നു. ഒരു നിലയില്ലാ കയമാണല്ലോ. മക്കളെല്ലാം സെറ്റിലായി നമ്മള്‍ ഹാപ്പി ആയി ഇരിക്കുന്ന സമയമായിരുന്നു. ടിങ്സ്റ്റണും ടൊവിനോയ്ക്കും അത്യാവശ്യം നല്ല കമ്പനിയില്‍ ജോലി കിട്ടി.
ഞാനും ഭാര്യയും സന്തോഷത്തിലിരിക്കുന്ന സമയത്താണ് ടൊവിനോ ഒരു കുരുത്തക്കേട് ഒപ്പിച്ചത്. അവന്റെ ജീവിതം ഒരു ക്യൂബിനുള്ളില്‍ അവസാനിപ്പിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍ അഭിനയിക്കണമെന്നും പറഞ്ഞു. പക്ഷെ ഞാനതിന് സമ്മതിച്ചിരുന്നില്ല, എതിര്‍ത്തു. എന്നാല്‍ വീട്ടില്‍ ബാക്കി എല്ലാവരും അവനെ സപ്പോര്‍ട്ട് ചെയ്തു. സമാധാനമായി കുടുംബമായി ജീവിക്കുന്നതായിരുന്നു എനിക്ക് ഇഷ്ടം,’ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തോമസ് പറഞ്ഞു.
‘ടൊവിനോ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അത് നേടുന്നത് വരെ നമുക്ക് സ്വൈര്യം തരില്ല. ഒരു ദിവസം വീട്ടിലേക്ക് വിളിച്ചിട്ട് അമ്മേ എന്റെ ഒരു കൂട്ടുകാരന്‍ ജോലി രാജി വെക്കണമെന്ന് പറഞ്ഞിട്ട് വീട്ടില്‍ സമ്മതിച്ചില്ല, അവന്‍ കെട്ടിടത്തിന്റെ മോളില്‍ നിന്ന് ചാടി ചത്തുവെന്ന്. അത് കേട്ടപ്പോള്‍ അവന്റെ ഉള്ളിലുള്ള ആവേശം എനിക്ക് മനസിലായി.
പിന്നെ ഞാന്‍ അവനെ വീട്ടിലേക്ക വിളിച്ച് സംസാരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നീ സിനിമയില്‍ എന്തെങ്കിലും ആവണം, അല്ലെങ്കില്‍ വീണ്ടും ജോലിക്കു കയറണമെന്ന് പറഞ്ഞു. അതവന്‍ സമ്മതിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. ഇന്ന് മലയാള സിനിമയില്‍ അറിയാവുന്ന ഒരു നടനായി ടൊവിനോ മാറി എന്നുള്ളതില്‍ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: tovino’s Father Thomas talks about the hurdles he faced from home during his film endeavors