| Sunday, 21st August 2022, 10:54 pm

'ഇതുവരെ അപ്പന്‍ പറഞ്ഞത് പോലെ ഞാന്‍ ജീവിച്ചു, ഇനി എനിക്ക് എന്റെ ഇഷ്ടത്തിന് ജീവിക്കേണ്ടേ എന്ന് ടൊവിനോ പറഞ്ഞു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പശ്ചാത്തലങ്ങളില്ലാത്തതിനാല്‍ അഭിനയിക്കണമെന്ന തന്റെ ആഗ്രഹത്തിന് വീട്ടില്‍ നിന്നും ഒരുപാട് എതിര്‍പ്പ് നേരിടേണ്ടി വന്ന നടനാണ് ടൊവിനോ തോമസ്. ഇന്ന് സ്വപ്രയത്‌നത്തിലൂടെ മലയാള സിനിമയുടെ മുന്‍പന്തിയില്‍ എത്തിനില്‍ക്കുകയാണ് താരം.

സിനിമാ ആഗ്രഹം ടൊവിനോ വീട്ടില്‍ തുറന്ന് പറഞ്ഞതിനെ പറ്റി പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായ തോമസ്. ടൊവിനോയും അമ്മയും ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

‘ടൊവിനോയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കും. നമ്മള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് വരെ അതില്‍ തന്നെ പിടിച്ച് കിടക്കുന്ന സ്വഭാവമാണ്. അതില്‍ നല്ലൊരു ശതമാനം അവന്റെ ഭാഗം ശരിയാവുകയും ചെയ്യും. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ടൊവിനോ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നാല്‍ അവന്റെ ആവേശം കണ്ടിട്ട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു, സംസാരിച്ചു.

ഇതുവരെ അപ്പന്‍ പറഞ്ഞത് പോലെ ഞാന്‍ ജീവിച്ചു, ഇനി എനിക്ക് ഇന്‍ഡിപെന്‍ഡന്റായി എന്റെ ഇഷ്ടത്തിന് ജീവിക്കേണ്ടേ എന്ന് ടൊവിനോ പറഞ്ഞു. ശരി മോനേ നിനക്ക് അത് പറയാനുള്ള ധൈര്യം കിട്ടിയല്ലോ, പക്ഷേ ഒരു കാര്യമുണ്ട്, ഒരു വര്‍ഷത്തിനുള്ളില്‍ നീ സിനിമയില്‍ എന്തെങ്കിലും ആവണം, അല്ലെങ്കില്‍ വീണ്ടും ജോലിക്കു കയറണമെന്ന് ഞാന്‍ പറഞ്ഞു. അതവന്‍ സമ്മതിച്ചു.

അങ്ങനെയാണ് അവന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവന്‍ ചില സിനിമകളില്‍ അഭിനയിച്ചു. ഒരു വര്‍ഷം എന്ന് ഞാനൊരു കണക്ക് വെച്ചതുകൊണ്ട് അവന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്ന് എനിക്കറിയാം. അതൊന്നും ഇവന്‍ പറഞ്ഞു കാണില്ല,’ തോമസ് പറഞ്ഞു.

അപ്പന്‍ അന്ന് വളരെ രഹസ്യമായി ചേട്ടനോട് പറഞ്ഞ കാര്യം ചേട്ടന്‍ എന്നോട് വളരെ രഹസ്യമായി അന്നേ പറഞ്ഞിരുന്നുവെന്നാണ് ഈ സമയം ടൊവിനോ പറഞ്ഞത്.

മലയാള സിനിമയില്‍ അറിയാവുന്ന നടനായി ടൊവിനോ മാറി എന്നുള്ളതില്‍ സന്തോഷമുണ്ടെന്നും ഇപ്പോള്‍ അവന്‍ എത്തിച്ചേര്‍ന്ന ആ പൊസിഷന്‍ ഞാന്‍ ആഗ്രഹിച്ചതിനേക്കാളും ചിന്തിച്ചതിനേക്കാളും ഉയരത്തിലാണെന്നും ടൊവിനോയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Tovino’s father, Thomas, talks about how Tovino opened up about his film ambitions at home

We use cookies to give you the best possible experience. Learn more