| Monday, 27th December 2021, 3:19 pm

'നീ പക പോക്കുവാണ് അല്ലേടാ'; മിന്നല്‍ മുരളി ലൊക്കേഷനിലെ വീഡിയോ പുറത്തുവിട്ട ബേസിലിനോട് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റീലീസ് ചെയ്തത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ ഷൂട്ടിംഗിങ്ങിനിടെയുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബേസില്‍. ക്ലൈമാക്‌സ് ഷൂട്ടില്‍, വസ്ത്രത്തില്‍ അഴുക്ക് വരാന്‍ വേണ്ടി മണ്ണില്‍ കിടന്ന് ഉരുളുന്ന ടൊവിനോയുടെ വീഡിയോയാണ് ബേസില്‍ ഷെയര്‍ ചെയ്തത്. മണ്ണില്‍ കിടന്ന് രണ്ട് മൂന്ന് വട്ടം ഉരുണ്ട ശേഷം ടൊവിനോ ചാടിയെഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

‘നീ പക പോകുവാണ് അല്ലേടാ’ എന്നാണ് വീഡിയോയ്ക്ക് താഴെയെത്തി ടൊവിനോ ചോദിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

ഇതിന് മുന്‍പ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയിലെ ഗാനങ്ങള്‍ പാടുന്നതും, ഷൂട്ടിങ്ങിന്റെ ഇടക്ക് ആഹാരം കഴിക്കുന്നതുമായ വീഡിയോകള്‍ ടോവിനോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകളെല്ലാം വലിയ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്നെ തരംഗമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. കുറുക്കന്‍മൂലയിലെ സൂപ്പര്‍ ഹീറോ രാജ്യത്തിന്റെയാകെ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. ചിത്രത്തിന് രണ്ടാം ഭാഗവുമുണ്ടായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുമുണ്ട്.

ടൊവിനോ തോമസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് സൂചനയാണ് നല്‍കുന്നത്. പുഷ് അപ്പ് പോസില്‍ നിന്നും വായുവിലേക്ക് ഉയര്‍ന്ന് ചാടി പറക്കുന്ന പോസിലേക്ക് എത്തുന്ന വീഡിയോ പങ്കു വെച്ച് കൊണ്ട് ടൊവിനോ കുറിച്ചത് ഇങ്ങനെ; ‘അടുത്ത മിഷന് വേണ്ടി മിന്നല്‍ മുരളി ചില പുതിയ മൂവുകള്‍ പഠിക്കുന്നു’.

ഈ പോസ്റ്റും അതിലെ പോസും കണ്ടതോടെ മിന്നല്‍ മുരളി രണ്ടാം ഭാഗത്തില്‍ പറക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ ഭാഗത്തില്‍ സ്പീഡാണ് മിന്നല്‍ മുരളിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്തായാലും രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ് ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more