അര്‍ദ്ധ നഗ്നനായി തലകീഴേ ടൊവിനോ; വൈറലായി ഒരു കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ
Malayalam Cinema
അര്‍ദ്ധ നഗ്നനായി തലകീഴേ ടൊവിനോ; വൈറലായി ഒരു കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th November 2018, 11:56 am

കോഴിക്കോട്: മധുപാല്‍ ടൊവിനോ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നായകനായ ടൊവിനോയുടെ കരിയറിലെ മികച്ച പ്രകടനം എന്ന് നിരൂപക പ്രശംസകള്‍ ഇതിനോടകം ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.

മധുപാലിന്റെ മുമ്പ് ഇറങ്ങിയ രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായി ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെ സിനിമയിലെ പ്രധാനരംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Also Read “സര്‍ക്കാരിന്” കേരളത്തിലും കുരുക്ക്; വിജയ്ക്ക് എതിരെ തൃശൂരില്‍ കേസ്

കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയെ വിഡിയോയില്‍ കാണാം. മാഫിയ ശശിയാണ് ഈ രംഗത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.രംഗം ചിത്രീകരിക്കാന്‍ മുപ്പത് മിനിറ്റുകളോളമാണ് ടോവിനോ തലകീഴായി തൂങ്ങി കിടന്നത്.

പൊലീസും കോടതിയും ആക്ഷന്‍ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയാണ് ടൊവിനോയുടെ ആരാധകര്‍ക്ക് ഈ ചിത്രം. ഒരു നാട്ടിന്‍പുറവും അവിടെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളുമായി പുരോഗമിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്മയത്വത്തോടെ ചെയ്യാനുള്ള ടോവിനോയുടെ കഴിവിനേയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

അനു സിതാരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ നെടുമുടി വേണു, സിദ്ദിഖ്, അലന്‍സിയര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. നാവാഗതനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ.

DoolNews Video