തല്ലുമാല ഇറങ്ങി ഒരു വർഷം തികഞ്ഞിരിക്കുകയാണ്. ഈ കഴിഞ്ഞ സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ രണ്ട് അവാർഡുകളാണ് ചിത്രം നേടിയത്. മികച്ച ചിത്ര സംയോജനത്തിനുള്ള അവാർഡ് നിഷാദ് യൂസഫ് കരസ്ഥമയക്കിയ മികച്ച നൃത്ത സംയോജകനുള്ള അവാർഡ് ഷോബി പോൾ രാജ് നേടി. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ടൊവിനോ സംവിധായകൻ ഖാലിദ് റഹ്‌മാനെപ്പറ്റി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മികച്ച തിയേറ്റർ അനുഭവത്തിനായി കൂടുതൽ ക്യാമറ ട്രിക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് നടൻ ടൊവിനോ. സിനിമയിൽ എല്ലാം ഒറിജിനൽ വേണമെന്ന് ഖാലിദ് റഹ്‌മാൻ നിർബന്ധമുണ്ടെന്നും സംഘട്ടനങ്ങൾ ഷൂട്ട് ചെയ്തപ്പോൾ തനിക്ക് ശരിക്കും ഇടി കൊള്ളേണ്ടി വന്നെന്നും ടൊവിനോ പറഞ്ഞു. ബി ഇറ്റ് മീഡിയക്ക് നൽകിയ അഭിമുഖം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ക്യാമറ ട്രിക്കിൽ അധികം വിശ്വസിക്കാത്ത ഒരാളാണ് ഖാലിദ് റഹ്‌മാൻ (ചിരിക്കുന്നു). അവന് എല്ലാം ഒറിജിനൽ വേണം. ക്രിസ്റ്റഫർ നോളൻ ഓപ്പൺഹെയ്മർ എന്ന ചിത്രത്തിന് വേണ്ടി ശരിക്കുള്ള ബോംബ് ഇടാൻ പോയെന്നുവരെ കേൾക്കുന്നുണ്ട്. അതുപോലെ ചെറിയൊരു നോളനിസം അവനിൽ ഉണ്ട്.
തല്ലുമാലയിലെ അടിയൊന്നും ഓവർലാപ്പിലോ മാസ്ക്കിലോ വെച്ച് ചെയ്യേണ്ടിവന്നില്ല. പക്ഷെ അതിന്റെ വ്യത്യാസം പടം തിയേറ്ററിൽ വന്ന് കാണുന്നവർക്ക് മനസിലാകും. ഞങ്ങൾക്ക് അൽപം അടി കൂടുതൽ കൊണ്ടെങ്കിലും കാണുന്ന നിങ്ങൾക്ക് നല്ല രസം ആയിരിക്കും (ചിരിക്കുന്നു). പടത്തിൽ അഭിനയിക്കുന്നവർ നന്നായി വാങ്ങുകയും കൊടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രേക്ഷകർക്ക് നല്ല എക്സ്പീരിയൻസ് കിട്ടാൻ ഞങ്ങൾ എത്ര അടി കൊണ്ടെന്ന് അറിയുമോ (ചിരിക്കുന്നു),’ ടൊവിനോ പറഞ്ഞു.
ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ്, ലുക്മാന്‍ അവറാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തിയ സിനിമയാണ് തല്ലുമാല.
മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമ ബോക്‌സോഫീസിലും വിജയമായിരുന്നു.
അതേസമയം, ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ് ഒടുവില്‍ പുറത്ത് വന്ന ടൊവിനോയുടെ ചിത്രം.
മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന അജയന്റെ രണ്ടാം മോഷണം. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ ലാലാണ്.
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സുജിത് നമ്പ്യാര്‍ എഴുതുന്നു. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും 3Dയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Content Highlights: Tovino on Thallumaala and Khalid Rahman