താൻ മമ്മൂട്ടിയുടേയും മോഹൻ ലാലിന്റെയും പാതകളാണ് പിന്തുടരുന്നതെന്ന് നടൻ ടൊവിനോ തോമസ്. ഒരേ സമയം മമ്മൂട്ടിയുടെ ആറ് സിനിമകൾ വരെ ഇറങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട്തന്നെ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഏഴയലത്ത് താൻ വരില്ലെന്നും ടൊവിനോ പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മിന്നൽ മുരളി എന്ന ചിത്രത്തിലൂടെയാണ് ഞാൻ കൂടുതൽ ആളുകളിലേക്ക് എത്തിയത്. ആ ചിത്രം എന്നെ വേറൊരു തരത്തിൽ ചിന്തിക്കാൻ പഠിപ്പിച്ചു. ഞാൻ സിനിമയിലേക്ക് വരുമ്പോൾ ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് മിന്നൽ മുരളിക്ക് സ്വീകാര്യത കിട്ടിയത്. അതിൽ ഞാൻ സംതൃപ്തനാണ്.
ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എനിക്കൊന്നുകൂടി ആളുകളിലേക്ക് പരക്കണം, ബുർജ് ഖലീഫ പോലെ ഒന്നും ആകണ്ട (ചിരിക്കുന്നു). എനിക്കിനി കുറച്ചുകൂടി കാര്യങ്ങൾ നേടാനുണ്ട്. നമ്മുടെ മഹാരഥന്മാരായിട്ടുള്ളവരുടെ പാതയാണ് പിന്തുടരുന്നത്. 1986ൽ ലാലേട്ടന്റെ 36 സിനിമകൾ വരെ ഇറങ്ങിയിട്ടുണ്ട്. ഒരിക്കൽ ഒരു ഓണത്തിന് മമ്മൂക്കയുടെ ആറ് പടങ്ങൾ വെച്ച് റിലീസ് ആയിട്ടുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും അതിന്റെ ഏഴയലത്ത് വരില്ല,’ ടോവിനോ പറഞ്ഞു.
അഭിമുഖത്തിൽ അദ്ദേഹം മായാനദി എന്ന ചിത്രത്തെപ്പറ്റിയും സംസാരിച്ചു. ആളുകൾ തന്നെ ഇപ്പോഴും മാത്തൻ എന്നാണ് വിളിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു.
‘മായനദി എന്ന ചിത്രം കാരണം എനിക്ക് ആളുകളിൽ നിന്നും ഒത്തിരി സ്നേഹം കിട്ടി. ഇപ്പോഴും എന്നെ ആളുകൾ മാത്തൻ എന്നാണ് വിളിക്കുന്നത്. മാത്തൻ കുറെ ആളുകളുടെ ഒരു പ്രതീകമാണ്. മാത്തൻ ഒത്തിരി പക്വത വന്ന കഥാപാത്രം അല്ല. അതുകൊണ്ട് തന്നെ മാത്തനെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാൻ കഴിയും. പ്രേക്ഷകർക്കിടയിൽ മാത്തൻ സ്വീകരിക്കപ്പെടാൻ കാരണം അതാണ്,’ ടൊവിനോ പറഞ്ഞു.
ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ് ഒടുവില്‍ പുറത്ത് വന്ന ടൊവിനോയുടെ ചിത്രം. 2018ലെ പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രത്തില് കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, തന്‍വി റാം, അപര്‍ണ ബാലമുരളി എന്നിങ്ങനെ വലിയ താരനിരയാണ് എത്തിയത്.
അജയന്റെ രണ്ടാം മോഷണം, നടികര്‍ തിലകം, വഴക്ക് എന്നിങ്ങനെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളും ടൊവിനോയുടേതായി അണിയറയിലുണ്ട്.