കിങ് ഓഫ് കൊത്തയുടെ ലൊക്കേഷനിൽ പോയിരുന്നു, വൻ വിജയമാകാനുള്ള പൊട്ടൻഷ്യൽ ആ ചിത്രത്തിനുണ്ട്: ടൊവിനോ
Entertainment
കിങ് ഓഫ് കൊത്തയുടെ ലൊക്കേഷനിൽ പോയിരുന്നു, വൻ വിജയമാകാനുള്ള പൊട്ടൻഷ്യൽ ആ ചിത്രത്തിനുണ്ട്: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th June 2023, 10:28 pm

പ്രേക്ഷകരെല്ലാം ഒരേപോലെ പ്രതീക്ഷയർപ്പിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. പ്രേക്ഷകർക്കിടയിൽ മാത്രമല്ല താരങ്ങളും ഈ പാൻ ഇന്ത്യൻ ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വേണ്ടി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ നടൻ ടൊവിനോ കിങ് ഓഫ് കൊത്തയെക്കുറിച്ചും ഒപ്പം ദുല്ഖറിനെപ്പറ്റിയും സംസാരിക്കുകയാണ്.

കിങ് ഓഫ് കൊത്തക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചേക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ആ ചിത്രത്തിന് അതിനുള്ള പൊട്ടൻഷ്യൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് സിനിമകളിൽ വർക്ക് ചെയ്ത് തുടങ്ങിയത്. ദുൽഖർ സൽമാന്റെ തീവ്രം ആയിരുന്നു എന്റെ ആദ്യത്തെ ചിത്രം. അന്ന് മുതൽ അദ്ദേഹം എന്നോട് വളരെ സ്വീറ്റ് ആയിട്ടാണ് പെരുമാറിയിരുന്നത്. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും തമ്മിൽ മെസേജുകൾ അയക്കാറുണ്ട്, ഒപ്പം അഭിപ്രായങ്ങളും പറയും. ഒരു സുഹൃത്തിനോടുള്ള എല്ലാ സ്നേഹവും എനിക്ക് ദുൽഖറിനോടുണ്ട്. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ എനിക്ക് ഒരു ഉന്മേഷമാണ്,’ ടൊവിനോ പറഞ്ഞു.

വാരാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ്ങും അതേ ലൊക്കേഷനിൽ ഉണ്ടായിരുന്നെന്നും താൻ ദുൽഖറിനെ കാണാൻ ലൊക്കേഷനിൽ പോയെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

‘എന്റെ പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാരക്കുടി എന്ന ലൊക്കേഷനിൽ ആയിരുന്നു തുടങ്ങിയത്. അതേ സ്ഥലത്ത് തന്നെ ആയിരുന്നു അവസാന ദിവസങ്ങളിലെ ഷൂട്ടിങ്ങുകളും. കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ്ങും ഇതേ ലൊക്കേഷനിൽ നടക്കുന്നുണ്ടായിരുന്നു.

ഞാൻ ദുൽഖറിനെ കാണാൻ അവിടെ പോയിട്ടുണ്ടായിരുന്നു. കിങ് ഓഫ് കൊത്തയിൽ ഞാൻ അഭിനയിക്കുന്നില്ല. പക്ഷെ ആ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം ആയി തീരണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ധാരാളം മികച്ച പ്രതികരണങ്ങളും ആ ചിത്രത്തിന് കിട്ടട്ടെ, അതിനുള്ള പൊട്ടൻഷ്യൽ ആ സിനിമക്കുണ്ട്,’ ടൊവിനോ പറഞ്ഞു.

ടൊവിനോ മൂന്ന് റോളുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ത്രീഡി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്‌.

Content Highlights: Tovino on King of Kotha