| Tuesday, 5th January 2016, 11:35 am

അപ്പുവേട്ടനിലൂടെ ലഭിച്ച ഇമേജ് വില്ലന്‍ വേഷങ്ങള്‍ ചെയ്താല്‍ പോകുമെന്ന ഭയമില്ല: ടൊവിനോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയിരുന്നു.

ഒരു പക്ഷേ മൊയ്തീനൊപ്പം തന്നെ അപ്പുവേട്ടനും ആളുകളുടെ കണ്ണുനനയിച്ചു. എന്നാല്‍ ഏറെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് അപ്പുവേട്ടനെ വെള്ളിത്തിരയിലെത്തിച്ച ടോവിനോ എന്ന താരം ഇനി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായ സ്റ്റൈല്‍ എന്ന ചിത്രത്തില്‍ എഡ്ഗര്‍ എന്ന ഒരുഗ്രന്‍ വില്ലന്‍ കഥാപാത്രത്തെയാണ് ടൊവിനോ
അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റൈലിലിലെ ഈ വില്ലന്‍ വേഷം തന്നെ ഏറെ മോഹിപ്പിച്ചു എന്നാണ് ടോവിനോ പറയുന്നത്. മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച ഇമേജ് ഈയൊരു വില്ലന്‍ വേഷം കൊണ്ട് ഇല്ലാതാകുമെന്ന പേടിയൊന്നും തനിക്കില്ലെന്നും ടൊവിനോ പറയുന്നു.

ഇനി അഥവാ സ്റ്റൈലിലെ വില്ലനെ വെറുത്താല്‍ തന്നെ അത് ആ കഥാപാത്രത്തിന്റെ വിജയം മാത്രമാണ്. ഒരേപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് താത്പര്യം. അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ആളുകള്‍ ആദ്യം സ്‌നേഹിച്ചത്. അതിന് ശേഷം മാത്രമാണ് തന്നെ സ്‌നേഹിച്ചതെന്നും ടൊവിനോ പറയുന്നു.

എന്നു നിന്റെ മൊയ്തീന്‍ കമ്മിറ്റ് ചെയ്തതിന് ശേഷം നിരവധി നായകകഥാപാത്രങ്ങള്‍ വന്നിരുന്നു. പക്ഷേ ഇഷ്ടമായത് സ്റ്റൈലിലെ ഈ വില്ലന്‍ വേഷമാണ്. ഇനി ഈ വര്‍ഷം വരാനിരിക്കുന്ന ചിത്രങ്ങളിലെല്ലാം നായക കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത് മൊയ്തീന്‍ എന്ന ചിത്രം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായതുകൊണ്ടു തന്നെയാണ് ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായതെന്നും ടൊവിനോ പറയുന്നു.

അപ്പുവേട്ടന്‍ എന്ന കഥാപാത്രം കരിയറിലെ വലിയ വഴിത്തിരിവായി. നായകനായാലും വില്ലനായാലും സഹനടനായാലും ആ കഥാപാത്രത്തിന് സിനിമയുടെ വിജയത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകണം. അത്തരം കഥാപാത്രങ്ങളാണ് താനും തിരഞ്ഞെടുക്കുന്നത്- ടൊവിനോ പറയുന്നു.

We use cookies to give you the best possible experience. Learn more