'നിങ്ങള്‍ സിനിമ കാണേണ്ട'; നിപയെക്കുറിച്ച് പോസ്റ്റിട്ടത് സിനിമയുടെ പരസ്യമാണെന്ന ആരോപണത്തിന് ടൊവിനോയുടെ മറുപടി
Malayalam Cinema
'നിങ്ങള്‍ സിനിമ കാണേണ്ട'; നിപയെക്കുറിച്ച് പോസ്റ്റിട്ടത് സിനിമയുടെ പരസ്യമാണെന്ന ആരോപണത്തിന് ടൊവിനോയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th June 2019, 9:21 pm

കോഴിക്കോട്: നിപ വൈറസിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ബോധവത്കരണ പോസ്റ്റിട്ടത് ‘വൈറസ്’ സിനിമയുടെ പരസ്യമാണെന്ന് ആരോപിച്ചയാളിനു മറുപടിയുമായി നടന്‍ ടൊവിനോ തോമസ്. ടൊവിനോ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിനു കീഴിലാണ് ഇത്തരത്തില്‍ കമന്റ് വന്നതും ടൊവിനോ മറുപടി നല്‍കിയതും.

‘നിപ വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതെങ്ങനെ?’ എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന പോസ്റ്റില്‍ അതിനുള്ള ഉത്തരങ്ങളും ടൊവിനോ ഇട്ടിരുന്നു. എന്നാല്‍ താങ്കളുടെ സിനിമയ്ക്കുള്ള പരസ്യമാക്കരുതെന്നായിരുന്നു പോസ്റ്റിനു കീഴില്‍ വന്ന ഒരു കമന്റ്.

ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ അതിനു മറുപടിയുമായി ടൊവിനോയെത്തി. ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയ്ക്കു പിന്തുണയുമായി അതിനുതാഴെ ഒട്ടേറെപ്പേരെത്തി.

നിപ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയില്‍ ടൊവിനോയും അഭിനയിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് വൈറസ് റിലീസ് ചെയ്യുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.

രേവതി, പാര്‍വതി തിരുവോത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ചര്‍ച്ചയായിരുന്നു.

രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഒ.പി.എം പ്രൊഡക്ഷന്‍സാണ് നിര്‍മാണം.