മിന്നല്‍ മുരളിയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇനി റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രമാണ് നാരദന്‍. മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്‍ സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്ന് ടൊവിനോ പറഞ്ഞു.
അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്. ആശയത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെ ഈ സിനിമ കൊള്ളും. ഒരു അഭിനേതാവ് എന്ന നിലയിലും, കാലാകാരനെന്ന നിലയിലും, ശക്തമായ തിരക്കഥകളില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിലും ഇതില്‍ കൂടുതല്‍ പറയാന്‍ വയ്യെന്നും നിങ്ങളെല്ലാവരും ഇത് കാണണമെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. അന്ന ബെന്‍ ആണ് നായിക. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.