|

മിന്നല്‍ മുരളി നമ്മുടെയെല്ലാവരുടെയുമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; മുരളിയും സംഘവും ദുബായില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പുകള്‍ക്ക് അവസാനമിട്ടുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് 01:30 ന് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായാണ് മിന്നല്‍ മുരളിയെത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം ഇതിനോടകം തന്നെ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസ് ആഘോഷിക്കാനായി മിന്നല്‍ മുരളി ടീം ദുബായിലേക്ക് പോയിരിക്കുകയാണ്. ഞങ്ങളുടേത് മാത്രമായിരുന്ന മിന്നല്‍ മുരളി ഇനി നിങ്ങളുടേതാവാന്‍ പോവുകയാണെന്ന് ടൊവിനോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘ഒരുപാട് കാലമായി ഞങ്ങള്‍ കുറേ പേരുടേത് മാത്രമായിരുന്ന മിന്നല്‍ മുരളി നമ്മുടെയെല്ലാവരുടെയുമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഈ വരവ് ഒരു ആഘോഷമാക്കാന്‍ ദുബായിയുടെ ആകാശങ്ങളിലേയ്ക്ക് ഞങ്ങള്‍ എത്തുകയാണ്, ഇനിയെന്നും മിന്നല്‍ മുരളി നമ്മുടെയൊപ്പമുണ്ടെന്നു ഓര്‍മ്മിപ്പിക്കാന്‍, അത് ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്‍,’ ടൊവിനോ കുറിച്ചു.

ഗ്രേറ്റ് ഖാലിയേയും, യുവരാജ് സിംഗിനേയും ഉള്‍പ്പെടുത്തിയുള്ള പ്രമോ വീഡിയോകളും, കെ.എസ്.ആര്‍.ടി.സി ബസിലെ സ്റ്റിക്കറും കോമികുകളും ഉള്‍പ്പെടെ മലയാളസിനിമയില്‍ സമാനതകളില്ലാത്ത പ്രമോഷനാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്.

ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോക്ക് ഒപ്പം മാമുക്കോയ, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴ് ചലചിത്ര താരം ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tovino and team in dubai to celebrate the release of minnal murali