| Sunday, 21st November 2021, 11:23 pm

'മിന്നല്‍ മുരളിയും പിച്ചിലെ മിന്നലും'; യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോയും ബേസിലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വരുന്നതിനിടെ താരം പങ്കുവെച്ച പുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍.

ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്ററായ യുവരാജിനൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

മിന്നല്‍ മുരളിയുിടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയപ്പോഴാണ് താരം യുവരാജിനൊപ്പം ഫോട്ടോ എടുത്തത്. ടൊവിനോയ്‌ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫും യുവരാജിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചിരുന്നു.

‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡര്‍ബനില്‍ താങ്കളുടെ ആറ് പന്തിലെ ആറ് സിക്‌സറുകള്‍ പോലെ ഈ നിമിഷം എന്നും എന്നെ സംബന്ധിച്ച് മനോഹരമായിരിക്കും,’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് ഇരുവരുടെയും ചിത്രത്തിന് പിന്നാലെ കമന്റുകളുമായെത്തുന്നത്.

‘ഇതോടെ ചിത്രത്തിന് ഏറ്റവും വലിയ പ്രൊമോഷന്‍ ആയി,’ എന്നാണ് ഒരാളുടെ കമന്റ്. ‘അടുത്ത സിനിമയില്‍ യുവരാജും ഉണ്ടേല്‍ പൊളിക്കും,’ എന്നാണ് മറ്റൊരാള്‍ പറയുന്നത്.

ഡിസംബര്‍ 24ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനും മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tovino and Basil Joseph shares picture with Yuvraj Singh

We use cookies to give you the best possible experience. Learn more