| Wednesday, 29th December 2021, 1:35 pm

മിന്നല്‍ മുരളി വിജയം ഷാംപെയ്ന്‍ പൊട്ടിച്ച് ആഘോഷിച്ച് ടൊവിനോ ; വീഡിയോ പങ്കുവെച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയെ ഇരു കൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ലോകമെങ്ങും മികച്ച അഭിപ്രായം നേടിയാണ് മിന്നല്‍ മുരളി മുന്നേറുന്നത്.

നെറ്റ്ഫ്‌ളിക്സില്‍ റീലീസ് ചെയ്ത ചിത്രം ഇപ്പോഴും ട്രെന്റിങിലാണ്. ഇപ്പോഴിതാ മിന്നലിന്റെ വിജയം ആഘോഷമാക്കുകയാണ് ടീം.

ഷാംപെയ്ന്‍ പൊട്ടിച്ച് സിനിമയുടെ വിജയം ആഘോഷിക്കുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവെച്ചത്. ‘നിരവിധി മാസങ്ങള്‍ എടുത്തു ഇതിലേക്ക് എത്തിച്ചേരാന്‍, പക്ഷെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ഞങ്ങള്‍ അത് നേടി എടുത്തു. അതുകൊണ്ടാണ് ഈ ആഘോഷം ‘ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചത്.

ടൊവിനോക്ക് ഒപ്പം ബേസില്‍ ജോസഫിനെയും മറ്റ് ക്രൂ അംഗങ്ങളേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. കൊവിഡ് പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് രണ്ട് വര്‍ഷത്തോളം എടുത്താണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തിയത്.

കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ഇന്‍സ്റ്റാഗ്രാം വഴിയാണ് സാക്ഷി മിന്നല്‍ മുരളി കാണുന്നതിന്റെ ഫോട്ടോ സ്റ്റോറിയായി പങ്കുവെച്ചത്.’ഒടുവില്‍ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ ഹീറോ എത്തി’ എന്ന അടിക്കുറിപ്പും ഇതിനൊപ്പം സാക്ഷി ചേര്‍ത്തിട്ടുണ്ട്.

എന്തായാലും സാക്ഷിയുടെ പോസ്റ്റ്് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സാക്ഷി ചിത്രം കണ്ടെങ്കില്‍ ഉറപ്പായും ധോണി കണ്ട് കാണും എന്നാണ് പലരും പറയുന്നത്.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമായിരിക്കുന്നത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കുന്നത് തന്നെയാണ് ഇന്ത്യന്‍ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റീലീസ് ചെയ്തത്.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി.

ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു. ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ബേസിലിന്റെ സിനിമകളുടെ മേക്കിംഗ് വീഡിയോകളും ബി.ടി.എസ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗാണ്. കഴിഞ്ഞ ദിവസം മിന്നല്‍ മുരളിയിലെ ബിഹൈന്റ് ദി സീന്‍ വീഡിയോയും പുറത്ത് വന്നിരുന്നു.

ബ്രൂസ്ലി ബിജിയുടെ കരാട്ടെ ക്ലാസില്‍ വെച്ച് ഓട് അടിച്ചുപൊട്ടിക്കുന്ന ടൊവിനോയുടെ വീഡിയോയിരുന്നു ഇത്. ജാക്കി ചാന്‍ സ്‌റ്റൈലില്‍ ‘ഇതൊക്കെ യെന്ത്’ എന്ന രീതിയിലാണ് ടൊവിനോ ഓട് അടിച്ചു പൊട്ടിക്കുന്നത്. മാമന്റെ പ്രകടനം കണ്ട് ഞെട്ടി നില്‍ക്കുന്ന മരുമോന്‍’ മാസ്റ്റര്‍ വസിഷ്ഠിന്റെ ഭാവവും ഏറെ രസരകമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tovino and Basil Celebrate Minnal Murali Success

We use cookies to give you the best possible experience. Learn more