ഈ സിനിമ വര്‍ക്കായില്ലെങ്കില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ നാറുമെന്ന് നല്ല ബോധ്യമുണ്ട്: ടൊവിനോ
ടൊവിനോയുടെ കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ഒ.ടി.ടി റിലീസിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ത്രീ.ഡിയില്‍ ഒരുങ്ങുന്ന ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. ഒരു സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കമല്‍ ഹാസന്‍ ചെയ്യുമ്പോള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് ടൊവിനോ പറഞ്ഞു.
ഈ സിനിമയില്‍ അതുപോലെ ചെയ്യാന്‍ പാടുപെട്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. പാന്‍ ഇന്ത്യനായി റിലീസ് ചെയ്യുമ്പോള്‍ എല്ലായിടത്തുമുള്ള ഓഡിയന്‍സിന് കണക്ടാകുന്ന തരത്തില്‍ ചെയ്യണമെന്ന് ചിന്തിച്ചിരുന്നുവെന്നും അവര്‍ക്കൊന്നും വര്‍ക്കായില്ലെങ്കില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ നാറുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. അതുകൊണ്ട് എത്രത്തോളം നന്നാക്കാന്‍ പറ്റുമോ അത്രയും നന്നാക്കിയിട്ടുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘മൂന്ന് വേഷവും നാല് വേഷവും പത്ത് വേഷവുമൊക്കെ കമല്‍ ഹാസന്‍ മാത്രമേ ചെയ്ത് കണ്ടിട്ടുള്ളൂ. അത്രയും വലിയ ലെവലില്‍ നമ്മള്‍ എത്തിയിട്ടില്ലെന്നും എത്തില്ലെന്നും നല്ല ബോധ്യമുണ്ട്. അതിന്റെ പകുതിയിലേക്കെങ്കിലും എത്തണമെന്ന് ഉണ്ടായിരുന്നു. അതിന് വേണ്ടി നല്ല രീതിയില്‍ കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ്.
എല്ലായിടത്തുമുള്ള ഓഡിയന്‍സിന് കൂടി കണക്ടായാല്‍ മാത്രമേ പാന്‍ ഇന്ത്യന്‍ ഹിറ്റാവുകയുള്ളൂ. അല്ലെങ്കില്‍ പാന്‍ ഇന്ത്യന്‍ നാറ്റമാകും. സംഗതി കൈയീന്ന് പോയാല്‍ എല്ലാ നാട്ടിലും നാറുമെന്ന് നല്ല ബോധ്യമുണ്ട്. ആ ഒരു കാരണം നമ്മുടെ ഉത്തരവാദിത്തം കൂട്ടുകയാണ് ചെയ്തത്. ഓരോ ചെറിയ കാര്യത്തിലും മാക്‌സിമം ശ്രദ്ധ കൊടുത്തിട്ടാണ് ചെയ്ത് വെച്ചിട്ടുള്ളത്,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino about the Pan Indian release of Ajayante Randam Moshanam