| Sunday, 12th June 2022, 9:12 pm

'അങ്ങനെ വലിയ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലലോ പിന്നെ എന്തിനാണ് നീ ഇങ്ങനെ പണിയെടുക്കുന്നത്': അച്ഛന്‍ അയച്ച മെസ്സേജിനെ കുറിച്ച് ടൊവിനൊ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസും തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളാവുന്ന വാശി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 17നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛന്‍ തന്നോട് ചോദിച്ച ഒരു ചോദ്യത്തെ പറ്റിയും അത് ചോദിക്കാന്‍ ഉണ്ടായ സാഹചര്യത്തെ പറ്റിയും വിവരിക്കുകയാണ് ടൊവിനോ.

മിന്നല്‍ മുരളിയുടെ പ്രൊമോഷന്‍ സമയത്ത് തന്നെയാണ് വാശിയുടെ ഷൂട്ടിംഗും നടന്നത്.
മിന്നല്‍ മുരളിയുടെ പ്രൊമോഷന് വേണ്ടി വാശിയുടെ ഷൂട്ടിംഗ് നിര്‍ത്തി വെക്കാന്‍ സാധിക്കുമായിരുന്നില്ല, മിന്നലിന്റെ പ്രൊമോഷന് വേണ്ടി പോകുമ്പോള്‍ ആകെ മാറ്റി വെക്കാന്‍ സാധിക്കുമായിരുന്നത് ടൊവിനോയുടെ മറ്റ് കാര്യങ്ങള്‍ ചെയ്യാനുള്ള സമയമായിരുന്നു. അങ്ങനെ പ്രൊമോഷനും ഷൂട്ടിങ്ങുമായി പോയത് കൊണ്ട് സെറ്റിലായിരുന്നു ടൊവിനോയും കുടുംബവും ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷമെല്ലാം കഴിഞ്ഞ് കുടുംബം തിരിച്ച് നാട്ടിലേക്ക് പോയ ശേഷമാണ് ടൊവിനോയുടെ അച്ഛന്‍ അദ്ദേഹത്തിന് മെസ്സേജ് അയക്കുന്നത്.

‘നമുക്ക് വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാണ് നീ ഇങ്ങനെ പണി എടുക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല’ എന്നായിരുന്നു അച്ഛന്റെ മെസ്സേജ് എന്ന് ടൊവിനോ പറയുന്നു ഞങ്ങള്‍ക്ക് ഒക്കെ പ്രായമായി എന്നും വീട്ടില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കണം എന്നും അച്ഛന്‍ പറഞ്ഞതായിയും ടൊവിനോ കൂടിച്ചേര്‍ക്കുന്നുണ്ട്.

പക്ഷെ സാഹചര്യവശാല്‍ അച്ഛന്‍ അന്ന് പറഞ്ഞ കാര്യം ഇന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നും ടൊവിനോ പറയുന്നുണ്ട്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് വാശി നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.

ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

Content Highlight : Tovino about the message that was sented by his father

We use cookies to give you the best possible experience. Learn more