പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്.
ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു. ഏറ്റവും ഒടുവിൽ തിയേറ്ററിൽ തകർത്തോടിയ അജയന്റെ രണ്ടാം മോഷണം എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ കയ്യടി നേടാനും ടൊവിനോക്ക് സാധിച്ചു.
ടൊവിനോയുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയ നടനാണ് പൃഥ്വിരാജ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം പൃഥ്വിരാജ് ആദ്യം കാണണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും തന്നെ സിനിമ സ്വപ്നം കാണാൻ പ്രേരിപ്പിച്ചതിൽ പൃഥ്വിരാജിന് വലിയ പങ്കുണ്ടെന്നും ടൊവിനോ പറയുന്നു. കാൻ ചെന്നാൽ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘അജയന്റെ രണ്ടാം മോഷണം തിയേറ്ററിൽ എത്തുന്നതിന് മുമ്പ് രാജുവേട്ടൻ ഒന്ന് കാണണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ പുള്ളിക്ക് മെസേജും അയച്ചിരുന്നു. സമയം കിട്ടുമ്പോൾ ഒന്ന് പടം കാണണേയെന്ന് പറഞ്ഞിട്ട്.
ഏതൊക്കെയോ ഒരു പോയിന്റിൽ നമ്മളെയൊക്കെ കുറച്ചുകൂടെ ആഗ്രഹത്തോടെ നമ്മളെ സ്വപ്നം കാണാൻ പഠിപ്പിച്ചതിൽ, പ്രേരിപ്പിച്ചതിൽ രാജുവേട്ടനുള്ള പങ്ക് വളരെ വലുതാണ്. അതൊട്ടും ചെറുതല്ല. പുള്ളിയിൽ നിന്നാണ് അങ്ങനെ ഒരു മോട്ടിവേഷൻ നമുക്ക് പലപ്പോഴും കിട്ടിയിട്ടുള്ളത്,’ടൊവിനോ പറയുന്നു.
ടൊവിനോ കരിയറിന്റെ തുടക്കത്തിൽ ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായ സെവൻത്ത് ഡേ. അതിന് ശേഷം എന്ന് നിന്റെ മൊയ്തീൻ, എസ്രാ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചിരുന്നു. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിച്ചിരുന്നു.
Content Highlight: Tovino About Support Of Prithviraj