സഹനടനായി അഭിനയജീവിതം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. 2012ല്‍ റിലീസായ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് ടൊവിനോ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് വില്ലനായും സഹനടനായും തിളങ്ങിയ ടൊവിനോ 2016ല്‍ റിലീസായ ഗപ്പിയിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് തെളിയിച്ചു. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ ടൊവിനോ അജയന്റെ രണ്ടാം മോഷണത്തിലൂടെ 50 സിനിമകള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു.
ടൊവിനോ, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കാണെക്കാണെ. 2021ല്‍ റിലീസായ ചിത്രം ടൊവിനോയുടെയും സുരാജിന്റെയും ഗംഭീര പ്രകടനങ്ങളാല്‍ സമ്പന്നമായിരുന്നു. ഉയരെക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അലന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.
ചെയ്ത തെറ്റിന്റെ കുറ്റബോധം പേറി നടക്കുന്ന കഥാപാത്രം ടൊവിനോയില്‍ ഭദ്രമായിരുന്നു. ആ ചിത്രത്തിലെ തന്റെ കഥാപാത്രം ഒരു എക്‌സ്പ്രഷന്‍ പോലും ഇടാത്ത ഒന്നായിരുന്നു എന്നും വല്ലാതെ പാടുപെട്ടെന്നും പറയുകയാണ് ടൊവിനോ. എന്തെങ്കിലും എക്‌സ്പ്രഷനിട്ടാല്‍ അതിലൂടെ കഥാപാത്രം പിടിക്കപ്പെടുമെന്ന് ഉറപ്പാണെന്നും ചെയ്ത് ഫലിപ്പിക്കാന്‍ വളരെ പാടുപെട്ടെന്നും ടൊവിനോ പറഞ്ഞു.
എല്ലാം ഹൈഡ് ചെയ്ത് ജീവിക്കുന്ന ഒരാളാണ് ആ കഥാപാത്രമെന്നും എന്തെങ്കിലും എക്‌സ്പ്രഷന്‍ ഇടണമെന്ന് തോന്നിയിരുന്നെന്നും ഇടാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘കാണെക്കാണെയിലെ എന്റെ ക്യാരക്ടര്‍ ഒന്നും എക്‌സ്പ്രസ് ചെയ്യാന്‍ പറ്റാത്ത ഒരാളായിരുന്നു. കാരണം, എന്തെങ്കിലും എക്‌സ്പ്രസ് ചെയ്താല്‍ അപ്പോള്‍ പിടിക്കപ്പെടും. എല്ലാം ഹൈഡ് ചെയ്ത് ജീവിക്കുന്ന ഒരാളാണ് ആ സിനിമയിലെ അലന്‍. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പോലും അതിനെതിരെ റിയാക്ഷന്‍ ഇടാന്‍ പറ്റില്ല. അങ്ങനെയൊരു ക്യാരക്ടറായിരുന്നു അത്.
ഒരേസമയം വെല്ലുവിളിയുമാണ് അതുപോലെ ബുദ്ധിമുട്ടുമാണ്. പുറത്തുനിന്ന് കാണുന്നവര്‍ക്ക് ആ ക്യാരക്ടര്‍ സിമ്പിളായി തോന്നാം. പക്ഷേ അത് ചെയ്യുന്ന നമ്മുടെ അവസ്ഥ നമുക്ക് മാത്രമല്ലേ അറിയുള്ളൂ. കളയുടെ ഷൂട്ടിനിടെ പരിക്ക് പറ്റിയ സമയത്താണ് ആ സിനിമ ചെയ്യുന്നത്. കളയിലെ അതേ താടി വെച്ചിട്ടാണ് കാണെക്കാണെയില്‍ മുഴുവന്‍. കാരണം, ആക്‌സിഡന്റ് പറ്റിയതുകൊണ്ട് ആക്ഷന്‍ സീന്‍ ചെയ്യാന്‍ പറ്റില്ല, ആ സമയത്ത് കാണെക്കാണെ ചെയ്യാമെന്ന് വെച്ചു,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino about his character in Kaanekkaane movie