തനിക്ക് ബി.ടി.എസ്, ബ്ലാക്ക് പിങ്ക് തുടങ്ങിയ കൊറിയൻ ബാന്റുകളെപ്പറ്റി അറിയില്ലെന്ന് നടൻ ടൊവിനോ. പുതിയ തലമുറയിൽപെട്ടവരിൽ നിന്നും ഒത്തിരി പഠിക്കാൻ ഉണ്ടെന്നും താൻ കൊറിയൻ ബാൻഡുകളെപ്പറ്റി പറഞ്ഞ് തരണമെന്ന് മകളോട് പറയാറുണ്ടെന്നും ടൊവിനോ പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അടുത്ത ജനറേഷനിലെ ആളുകളുടെ കൂടെ വർക്ക് ചെയ്യുമ്പോൾ എനിക്ക് അവരിൽ നിന്നും ധാരാളം പഠിക്കാൻ ഉണ്ട്. എനിക്ക് ശരിക്കും പറഞ്ഞാൽ ബി.ടി.എസ്, ബ്ലാക്ക് പിങ്ക് ഇതൊക്കെ എന്താണെന്ന് കുറച്ച് ദിവസം വരെ അറിയില്ലായിരുന്നു. എന്റെ മോൾ എനിക്ക് ക്ലാസ്സ് എടുത്ത് തന്നു അതൊക്കെ എന്താണെന്ന്.
അപ്പോൾ എനിക്ക് തോന്നി ദൈവമേ ഞാൻ ഒക്കെ ചെറുപ്പക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണല്ലോ എന്ന്. ഇനി ഇത്തരത്തിൽ എന്തെങ്കിലും കാണുകയാണെങ്കിൽ ഞാൻ ചോദിക്കാതെ തന്നെ എനിക്ക് ഇതൊക്കെ പറഞ്ഞ് തരണമെന്ന് ഞാൻ മോളോട് പറഞ്ഞു. ആരൊക്കെയാണ് ബി.ടി.എസിലും ബ്ലാക്ക് പിങ്കിലും ഉള്ളതെന്നും അവരുടെ പാട്ടുകൾ ഏതൊക്കെയാണെന്നും ഞാൻ ഇപ്പോൾ മോളോട് ചോദിച്ചു മനസിലാക്കിക്കൊണ്ടിരിക്കുകയാണ്,’ ടൊവിനോ പറഞ്ഞു.
ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ് ഒടുവില്‍ പുറത്ത് വന്ന ടൊവിനോയുടെ ചിത്രം.
അതേസമയം, മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന അജയന്റെ രണ്ടാം മോഷണം. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ ലാലാണ്.
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാര്‍ നിർവഹിക്കുന്നു. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും 3Dയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.