പുരാണകഥകളോളം പഴമയും പ്രാധാന്യവും സൗന്ദര്യവുമുള്ള പ്രദേശം. അതാണ് പാഞ്ചാലിമേട്…ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനു സമീപമാണ് ഈ കൊച്ചു സ്ഥലം…പാഞ്ചാലിക്കുളവും, അവിടുള്ള ക്ഷേത്രവും, പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകൾ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം.
ഐതിഹ്യങ്ങൾ മാറ്റി നിർത്തിയാൽ ഒരു സഞ്ചാരിക്ക് ആസ്വദിക്കുവാൻ പറ്റിയ നിരവധി കാഴ്ചകളുടെ ഒരു സ്വർഗം തന്നെയാണ് പാഞ്ചാലിമേട്. മലനിരകളും, സാഹസികമായ ഗുഹാകവാടവും കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന താഴ്വാരഭംഗിയും കോടമഞ്ഞും കാറ്റും സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം പാഞ്ചാലിമേടിനെ അണിയിച്ചൊരുക്കുന്നു.വൈകിട്ട് സമയങ്ങളിൽ നല്ല കാറ്റും കോടമഞ്ഞും ആസ്വദിക്കാൻ പറ്റും.
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.കോട്ടയം കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും നാലര കിലോമീറ്റർ സഞ്ചരിച്ചാൽ പാഞ്ചാലിമേട്ടിൽ എത്താം.കോട്ടയത്ത് നിന്ന് വരുമ്പോൾ മുണ്ടക്കയം തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.പഞ്ചപാണ്ഡവർ വനവാസ സമയത്ത് ഇവിടെ താമസിച്ചിരുന്നതായാണ് ഐതീഹ്യം.
പാഞ്ചാലിമേടിന്റെ ഒരു കുന്നിൽ ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിൽ കുരിശുമലയും സ്ഥിതിചെയ്യുന്നു.പച്ചപ്പ് നിറഞ്ഞ മുട്ടക്കുന്നുകളും മലനിരകളുടെ വിദൂരകാഴ്ചയും തണുത്ത കാറ്റും കോടമഞ്ഞും ഒരുമിച്ച് ആസ്വദിക്കണമെങ്കിൽ വേഗം വണ്ടി പുറപ്പെട്ടോ പാഞ്ചാലിമേട്ടിലേക്ക്.ശബരിമല മകരവിളക്ക് ദർശിക്കാൻ നിരവധിപ്പേരാണ് വർഷം തോറും ഇവിടെത്തുന്നത്.